ഭര്‍ത്താവ് ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന വിവരം ഭാര്യ അറിഞ്ഞത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിലൂടെ.
എട്ടുവര്‍ഷം മുമ്പാണ് ബാലുശ്ശേരി സ്വദേശിനിയായ ഭാര്യയെ ഉപേക്ഷിച്ച് പ്രജു നാടുവിടുന്നത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരരുടെ പട്ടികയില്‍ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുള്‍പ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.
കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീന്) ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് നാടുവിട്ടത്.
പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്.
ഈ യുവതിയെ വിവാഹം കഴിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മതവിശ്വാസമായിരുന്നു ഇയാള്‍ പുലര്‍ത്തിയിരുന്നത്.
പതിയെ ഇയാള്‍ തീവ്രവാദ സ്വഭാവത്തിലേക്ക് നീങ്ങുകയായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തന്നെയും ഇയാള്‍ നിര്‍ബന്ധിച്ചിരുന്നെന്നും അങ്ങനെ ചെയ്താല്‍ ഇഷ്ടം പോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി.
2009-ലാണ് മങ്കയം വാരിയമലയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക ആമിന ഉമ്മ കൊലചെയ്യപ്പെട്ടത്. തെളിവില്ലാത്തതിനെത്തുടര്‍ന്ന് പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകന് മന്സൂറിനെയും കോടതി വെറുതെവിടുകയായിരുന്നു.
പോലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപിച്ച് അന്നവര്‍ പത്രസമ്മേളനം നടത്തുകയും ചെയ്തു.കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് വന്നിരുന്നു.
ഈയാവശ്യത്തിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാള്‍ ഏഴ് ലക്ഷം രൂപ വാങ്ങി.
യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളില്‍നിന്നും കടംവാങ്ങിയിരുന്നു. വിവാഹസമയത്തു നല്കിയ 15 പവന് സ്വര്‍ണവും കൈക്കലാക്കി.
നാടുവിടുമ്പോള്‍ യുവതിയുടെ സ്കൂട്ടറും എടുത്തിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.
ഉള്ള കിടപ്പാടവും നഷ്ടപ്പെട്ട് കഴുത്തറ്റം കടത്തില്‍ മുങ്ങിയാണ് ഇപ്പോള്‍ ഉമ്മയ്ക്കും മകനുമൊപ്പം തറവാട്ടു പറമ്പിലെ ചെറിയ വീട്ടില്‍ യുവതി ജീവിക്കുന്നത്.