തെന്നിന്ത്യന്‍ സിനിമയിലെ മിന്നുന്ന താരദന്പതികളാണ് നാഗചൈതന്യയും സാമന്തയും. ഏതാനും നാളുകളായി സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്പെടുത്താനൊരുങ്ങുന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്കിടയിലെ ചൂടുളള ചര്‍ച്ചാ വിഷയം.
വിവാഹ മോചന വാര്‍ത്തകളോട് സാമന്തയോ നാഗചൈതന്യയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ ഇപ്പോള്‍ എന്താണ് പ്രശ്നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
തങ്ങളുടെ പ്രണയവും വിവാഹവും അതിന് ശേഷമുളള ദാമ്പത്യത്തിലെ നിമിഷങ്ങളും ആഘോഷമാക്കിയിരുന്നവരാണ് സാമന്തയും നാഗചൈതന്യവും. തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന താരകുടുംബമായ അക്കിനേനി ഫാമിലിയിലേക്ക് മരുമകളായി എത്തിയ സാമന്ത തന്റെ പേരില്‍ അക്കിനേനി കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ അടുത്തിടെ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് അക്കിനേനി എന്നുളള ഭര്‍ത്താവിന്റെ കുടുംബപ്പേര് സാമന്ത നീക്കം ചെയ്യുകയും പകരം എസ് എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സാമന്തയും നാഗചൈതന്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ ആരംഭിച്ചത്.
വിവാഹ ശേഷവും സാമന്ത അഭിനയ രംഗത്ത് വളരെ സജീവമാണ്. വിവാഹ ശേഷം സാമന്ത അഭിനയത്തില്‍ സജീവമാകുന്നതിനോട് അക്കിനേനി കുടുംബത്തിന് താല്പര്യമില്ലെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.
നാഗചൈതന്യയുടെ ഭാര്യയും പഴയകാല നടിയുമായ അമലയുടെ വഴിയെ സാമന്തയും കുടുംബിനിയുടെ റോളിലേക്ക് മാറാനാണ് നാഗചൈതന്യയും അച്ഛന് നാഗാര്‍ജുനയും താല്പര്യപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കാര്യം സാമന്തയുമായി പലതവണ കുടുംബം ചര്‍ച്ച ചെയ്തതായും എന്നാല്‍ സാമന്ത യോജിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കരിയര്‍ ഉപേക്ഷിക്കാന്‍ സാമന്ത തയ്യാറല്ല. ഇതോടെയാണ് വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചന.
കുടുംബ കോടതിയില്‍ സാമന്തയും നാഗചൈതന്യയും നിരവധി തവണ ഇതിനകം കൗണ്‍സിലിംഗ് നടത്തിക്കഴിഞ്ഞെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ വിവാഹ മോചനം എന്നുളള തീരുമാനത്തില്‍ ഇരുവരും ഉറച്ച് നില്‍ക്കുകയാണ് എന്നാണ് ഇവരുമായ ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത രണ്ടോ മൂന്നോ മാസത്തിനുളളില്‍ ഇരുവരും നിയമപരമായി ബന്ധം വേര്‍പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹമോചനത്തോടെ ജീവനാംശമായി സാമന്തയ്ക്ക് 50 കോടി രൂപ ലഭിച്ചേക്കും എന്നും ഈ ദേശീയ മാധ്യമത്തിലെ വാര്‍ത്തയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സാമന്തയോട് മാധ്യമപ്രവര്‍ത്തകര്‍ വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചിരുന്നു. താന്‍ അമ്പലത്തിലാണ് ഉളളത്, നിങ്ങള്‍ക്ക് വിവരമുണ്ടോ എന്നാണ് സാമന്ത ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ചത്. സാമന്തയുടെ ഈ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നാഗചൈതന്യയോട് ഇത്തരം വാര്‍ത്തകളോടുളള പ്രതികരണം ആരാഞ്ഞിരുന്നു. ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ വേദനിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവ ബാധിക്കാറില്ലെന്നുമാണ് നാഗചൈതന്യ നല്കിയ മറുപടി.