കോട്ടയം: കർഷകർഷക വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കർഷകസംഘടകൾ നടത്തുന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഹർത്താൽ ആചരിക്കും.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും സഹകരിക്കണമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പാൽ, പത്രം, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി പ്രവർത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഐസ്ആർടിസിയിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഐസ്ആർടിസി സർവീസ് ഉണ്ടാകില്ല.
സ്വകാര്യ ബസുടമകളും ഹർത്തിലിനെ പിന്തുണച്ച് സർവീസ് നടത്തുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കർഷകരുടെ സമത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ കടകൾ തുറക്കില്ലെന്നോ തുറക്കണമെന്നോ നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
ഹർത്താലിനു ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം മണ്ഡലം കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കോർപറേറുകൾക്ക് തൊഴിലാളികളെ തീറെഴുതുന്ന നാലു ലേബർ കോഡുകൾ അടിച്ചേൽപ്പിച്ചും, റെയിൽവെ, ബാങ്ക്-ഇൻഷ്വറൻസ്, കൽക്കരി, സ്റ്റീൽ, പെട്രോളിയം തുടങ്ങിയ പൊതുമേഖലകൾ സ്വകാര്യവത്കരിച്ചും കുത്തകകൾക്ക് വേണ്ടി ഭരിക്കുകയാണു കേന്ദ്ര സർക്കാർ. ഭീമമായ വിലവർധനവിന് ഇടയാക്കുന്ന ഇന്ധന വില വർധനവ് പിൻവലിക്കുക, തൊഴിലാളികളുടെ പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ടിലുള്ള പലിശയ്ക്ക് നികുതി ഏർപ്പെടുത്തുന്ന ഹീന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയൻ ഹർത്താലിൽ ഉന്നയിക്കുന്നുണ്ട്.
ഹർത്താൻ വിജയിപ്പിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സിഐടിയു ജില്ലാ പ്രസിഡൻറ് റെജി സഖറിയ, ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫ്, എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ വി.പി. കൊച്ചുമോൻ, മുണ്ടക്കയം സോമൻ, സന്തോഷ് കല്ലറ, അസീസ് കുമാരനല്ലൂർ, സെബാസ്റ്റ്യൻ ജോസഫ്, ജോബി കേളിയംപറന്പിൽ, സജി നൈനാൻ, എം.കെ. ദ്വിലീപ്, സൗദാമിനി തുടങ്ങിയവർ ആവശ്യപ്പെട്ടു.