പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടുമായി പാര്‍ട്ടി.
സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതു ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു.
സമ്മേളനകാലയളവായതിനാല് ഇപ്പോള്‍ വിഷയം സജീവമാക്കേണ്ടതില്ലെന്നും അതിനുശേഷം അന്വേഷണമാകാമെന്നുമുള്ള നിലപാടാണ് സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗത്തിനുമുള്ളത്.
സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്നു കെ.യു. ജോസിനെതിരെ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ഉന്നയിക്കുന്ന വാദഗതികള്‍ നിലനില്പിനുവേണ്ടിയുള്ളതാണെന്നുമാണ് സിപിഎം വിലയിരുത്തല്‍.
നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.
നടപടിക്കു വിധേയനായ മുന്‍ സെക്രട്ടറി സിപിഎമ്മിന്റെ പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ ഉള്പ്പെട്ടവരിലധികവും പാര്‍ട്ടി സജീവ നേതൃനിരയിലുള്ളവരാണ്.
സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാറാകട്ടെ ബാങ്കില്‍ മുന്‍ ജീവനക്കാരനായിരുന്നു. ഇതോടൊപ്പം ജനീഷ് കുമാറിനു ബാങ്ക് ഭരണസമിതിയുമായി പാര്‍ട്ടിതലത്തില്‍ ബന്ധവുമുണ്ട്.
2013 – 19 കാലയളവില്‍ 1,40,49,233 രൂപ അപഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്രട്ടറിയായിരുന്ന കെ.യു. ജോസ് സ്വന്തം അക്കൗണ്ടിലേക്കും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കും തുക മാറ്റിയതായാണ് കണ്ടെത്തിയത്.
എന്നാല്‍ പിന്നീടുള്ള രണ്ട് വര്‍ഷത്തെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇതോടൊപ്പം കെ.യു. ജോസ് പണം അപഹരിച്ചതായി പറയുന്ന കാലയളവിലെ ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും ക്രമക്കേടില്‍ സ്വീകരിച്ച നിലപാടുകളും സംശയാസ്പദമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.