ലഹരിയുടെ സാമ്രാജ്യമാണ് അന്നും ഇന്നും അഫ്ഗാനിസ്ഥാൻ. ആ സാമ്രാജ്യത്തിന്റെ അധിപരായി ഒരിക്കൽകൂടി താലിബാൻ അധികാരത്തിലെത്തിയതോടെ അന്താരാഷ്ട്ര സമൂഹം ഭീതിയോടെയാണ് അഫ്ഗാനെ നിരീക്ഷിക്കുന്നത്.
ഇന്ത്യയോടുളള അവരുടെ നയവും സമീപനവും എന്തായിരിക്കുമെന്നറിയാൻ രാജ്യവും കാത്തിരിക്കുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കു പുറമെ ലഹരിക്കടത്തിലും കുപ്രസിദ്ധി നേടിയ താലിബാന്റെ തിരിച്ചുവരവ് ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്.
അതിമാരക ലഹരിമരുന്നായ ഹെറോയിൻ ഉത്പാദനത്തിലും വിപണനത്തിലുമുള്ള താലിബാന്റെ കുത്തകയുടെ ആശങ്കയിലാണ് വിവിധ അന്വേഷണ ഏജൻസികൾ. ഹെറോയിന്റെയും കറുപ്പിന്റെയും ഉത്പാദനവും വില്പനയും അവസാനിപ്പിക്കുവാൻ താലിബാനു സമ്മർദമേറും.
നിലവിലെ രാജ്യത്തെ ലഹരി ആസക്തിയിൽ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുളള നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, ആന്റി നർക്കോട്ടിക് സെല്ലുകൾ കേരളത്തിലെ എക്സൈസ് നർക്കോട്ടിക് പോലീസ് വിഭാഗങ്ങൾ കടുത്ത നിരാശയിലാണ്.
താലിബാനും കേരളവും
കേരളത്തിൽ പിടികൂടുന്ന ലഹരി മരുന്നുകളും താലിബാനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഈ ലഹരിമരുന്നിന്റെ പ്രധാന ചേരുവയായ അഫേഡ്ര വൻതോതിൽ ഉൽപാദിപ്പിക്കുന്നതും കേരളത്തിലേക്കടക്കമെത്തുന്നതും താലിബാന്റെ നേതൃത്വത്തിലാണെന്നാണ് വിവിധ ഏജൻസികൾ നൽകുന്ന സൂചനകൾ.
താലിബാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പ്രധാന വരുമാന മാർഗമായിരുന്നു ഈ ലഹരിക്കടത്ത്.
കേന്ദ്ര നർക്കോട്ടിക് ബ്യൂറോയുടെ ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ 222 ജില്ലകളിൽ ഈ ലഹരിമരുന്നതിന്റെ ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്.
അതിൽ കൂടുതൽ കേരളത്തിലാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എറണാകുളം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് വില്പനക്കാരുടെയും ഉപയോക്താക്കളുടെയും എണ്ണം കൂടുതലുള്ളത്.
അഫ്ഗാനിസ്ഥാനിലെ അഫേഡ്ര
അഫ്ഗാനിസ്ഥാനിലെ ഉൾഗ്രാമങ്ങളിലടക്കം വ്യാപകമായി കാണപ്പെടുന്ന അഫേഡ്ര എന്ന ചെടിയിൽനിന്നാണു പൊടിരൂപത്തിലുളള മെത്ത് തയാറാക്കുന്നത്.
ഇവിടെ പ്രതിവർഷം 6000 ടണ്ണിലധികം മെത്ത് ഉൽപാദിപ്പിച്ചെടുക്കുന്നതായാണ് ഏകദേശകണക്ക്. പഞ്ചാബ് അതിർത്തിവഴിയാണ് ഇന്ത്യയിലേക്ക് മെത്ത് കൂടുതലും എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബ്രൗൺ, ഇളംകറുപ്പ്, വെള്ള നിറത്തിലും ലഭിക്കുമെങ്കിലും വൈറ്റ് മെത്തിനാണ് ഡിമാൻഡ് കൂടുതൽ. ക്രിസ്റ്റൽ രൂപത്തിലും ഇപ്പോൾ ഈ ലഹരി സുലഭമാണ്.
ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹെറോയിനിൽ ഭൂരിഭാഗവും വരുന്നത് അഫ്ഗാനിസ്ഥാനിലെ പോപ്പി പാടങ്ങളിൽനിന്നാണ്.
എന്നാൽ മെത്ത് ഉൽപാദനത്തിലേക്ക് അഫ്ഗാൻ നേരിട്ട് ഇടപെടാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളാകുന്നതേയുള്ളൂ. ഇപ്പോൾ അഫ്ഗാൻ ക്രിസ്റ്റൽ മെത്തിന്റെ ഹബായിമാറിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം വരെ അഫ്ഗാനിലെ ബക്വ ജില്ലയിൽ മാത്രം അഫേഡ്രിൻ വേർതിരിച്ചെടുക്കുന്ന മുന്നൂറിലേറെ ചെറുകിട ലാബുകൾ വരെ ഉണ്ടായിരുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന ലഹരിവസ്തുക്കൾ വിൽക്കുന്നതിന് താലിബാൻ നികുതി ചുമത്തുകയും ചെയ്തിരുന്നു.
തങ്ങളുടെ അധികാര പരിധിയിലുള്ള മേഖലകളിലായിരുന്നു അന്നു താലിബാന് നികുതി പിരിച്ചിരുന്നത്. ഇതിനായി പലയിടത്തും താലിബാൻ ചെക്ക് പോയിന്റുകൾ വരെ സ്ഥാപിച്ചു.
അറബിക്കടൽ കടന്ന്
അറബിക്കടലിൽ പട്രോളിംഗ് നടത്തുന്ന ശ്രീലങ്കൻ നാവികസേനയും മറ്റ് രാജ്യാന്തര സുരക്ഷാ സംഘങ്ങളും പലപ്പോഴായി ബോട്ടുകളിൽനിന്നു ലഹരി പിടിച്ചെടുക്കുന്നത് പതിവായിരുന്നു.
പാക്കിസ്ഥാനും ഇറാനും വഴി കിഴക്കൻ ആഫ്രിക്കയിലൂടെ യൂറോപ്പിലേക്കും അഫ്ഗാൻ ലഹരി കടത്തുന്നതായി കണ്ടെത്തിയിരുന്നതാണ്.
അറബിക്കടലിലൂടെയാണ് അഫ്ഗാനിൽനിന്നും ഇന്ത്യയിലേക്കുള്ള ലഹരിവരവെന്നാണ് കരുതപ്പെടുന്നത്.
അറബിക്കടലിലൂടെയുള്ള മയക്കുമരുന്നു കടത്ത് ശക്തമാണെന്നതിന്റെ തെളിവാണ് ഗുജറാത്തിൽനിന്ന് ഒടുവിൽ പിടികൂടിയ 3,000 കിലോയുടെ ഹെറോയിൻ വേട്ട. 21,000 കോടി രൂപയുടെ ഈ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനിസ്ഥാൻകാരും അറസ്റ്റിലായിരുന്നു.
അഫ്ഗാൻ വഴി എത്തുന്ന ഹെറോയിൻ മറിച്ചു വിറ്റ് ആയുധങ്ങൾ വാങ്ങി കൂട്ടുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.
ജാഗ്രതയോടെ ഇന്ത്യൻ തീരങ്ങൾ
താലിബാന്റെ വരവോടെ അഫ്ഗാനില്‍നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്തേറുമെന്ന ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കുന്നുണ്ട്. ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന് തീരം വരെ പോകുന്നതായി കണ്ടെത്തിയത് അസാധാരണമാണെന്നാണ് ഐബിയുടെ വിലയിരുത്തൽ.
നിരീക്ഷണത്തിലുള്ള ബോട്ടുകളുടെ പോക്കുവരവുകൾ വിശദമായി പരിശോധിക്കണമെന്നാണ് ഐബിയുടെ കർശന നിർദേശം.
തയാറാക്കിയത്: റിയാസ് കുട്ടമശേരി