സീമ മോഹന്‍ലാല്‍
നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടേണ്ടതാണോ?. നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്തിനും ഏതിനും ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ സ്റ്റാറ്റസും പോസ്റ്റിടുന്നവരാണ് അധികവും, എന്നാൽ കുറച്ചു കഴിഞ്ഞായിരിക്കും ഈ പോസ്റ്റ് വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്.
എന്നാൽ അത് ഡിലീറ്റ് ചെയ്തേക്കാം എന്നുകരുതി അതിന് മുതിരുന്പോഴാണ് നിരവധി ആളുകളിലേക്ക് അത് എത്തിപ്പെട്ടു എന്ന് തിരിച്ചറിയുക.
ഇനി ഡിലീറ്റ് ചെയ്താൽതന്നെ സ്ക്രീൻ ഷോട്ടുകളുടെ രൂപത്തിൽ അവ വീണ്ടും സമൂഹ മാധ്യമത്തിൽ തലപൊക്കും.
ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കമന്റുകളെക്കുറിച്ചും കരുതിയിരിക്കണം. പരിചയമില്ലാത്തവരും ഫോട്ടോകളില്‍ കമന്റ് ചെയ്തേക്കാം.
അതു പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ സ്വകാര്യത പൊതുവിടങ്ങളില്‍ ആഘോഷമാക്കേണ്ട ഒന്നല്ലയെന്ന തിരിച്ചറിവ് ഉണ്ടാകണം. നമുക്ക് സ്വകാര്യമായത് അങ്ങനെതന്നെ ഇരിക്കുന്നതല്ലേ നല്ലത്.
ലൈവ് ലൊക്കേഷന്‍ പണി തരും
ഫേസ്ബുക്കില്‍ ലൈവ് ലൊക്കേഷനുകള്‍ പങ്കിടുന്നവര്‍ ഇന്ന് ധാരാളമുണ്ട്. അടുത്തിടെ പിടിയിലായ ഒരു മോഷ്ടാവ് അയാളുടെ അനുഭവം പോലീസിനോട് പങ്കുവച്ചത് ഇങ്ങനെയായിരുന്നു.
“”ഞാന്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടുകാര്‍ അവരുടെ ലൊക്കേഷനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതില്‍നിന്ന് അവര്‍ ഏതോ വിദേശരാജ്യത്താണെന്നു മനസിലായി. അങ്ങനെ മോഷണത്തിനായി ആ വീടുതന്നെ നോട്ടമിട്ടു.”
ആപത്ത് നാം തന്നെ വിളിച്ചു വരുത്തിയെന്നതാണ് ഈ ആ സംഭവം സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ ലൈവ് ലൊക്കേഷന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അപകടം വരുത്തിയ കേസുകളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സ്വകാര്യവ്യക്തിയെ കൈകാര്യം ചെയ്യുമ്പോള്‍
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന മറ്റൊന്നാണ് മരിക്കാത്ത വ്യക്തിയെ “കൊല്ലുന്നതത്’. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് ഈ സൈബര്‍ കൊലയിലെ ഇരകളിലേറെയും.
അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ നടനെ സോഷ്യല്‍ മീഡിയ കൊല്ലാതെ കൊന്നു. ഒരു വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് അതിന്റെ നിജസ്ഥിതി നോക്കുന്നത് നന്നായിരിക്കും.
അല്ലാതെ കൈയില്‍ കിട്ടുന്ന പോസ്റ്റുകളെല്ലാം ഷെയര്‍ ചെയ്ത് ആനന്ദം കണ്ടെത്തുന്നവര്‍ മറ്റുള്ളവരുടെ നൊമ്പരം കാണാതെ പോകരുത്.
മരിച്ചുവെന്ന തരത്തിലുള്ള പ്രചാരണം നടത്തുക വഴി ആ വ്യക്തിക്കും കുടുംബത്തിനുമുണ്ടാകുന്ന വിഷമം നമ്മള് മനസിലാക്കണം.
കൈയില്‍ കിട്ടുന്നത് പോസ്റ്റു ചെയ്യും മുമ്പ്
മറ്റൊരു കൂട്ടരുണ്ട്, കൈയില്‍ കിട്ടുന്നതെന്തും ഉടന്‍ മറ്റു ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്കിലേക്കുമൊക്കെ പോസ്റ്റു ചെയ്ത് ആനന്ദം കണ്ടെത്തുന്നവര്‍.
ആരോഗ്യമേഖലയിലെ ചതിക്കുഴികളാണ് ഇത്തരം പോസ്റ്റുകളില്‍ ഏറെയും. മുടി വളരാനും സൗന്ദര്യം കൂട്ടാനും പ്രമേഹം മാറ്റാനും എന്തിനേറെ പറയുന്നു കാന്‍സര്‍ മാറ്റാനുംവരെ ഒറ്റമൂലികളും പൊടിക്കൈകളുമൊക്കെ എന്ന വിവരങ്ങള്‍ അടങ്ങിയ പോസ്റ്റുകളാണ് ഇതിലേറെയും.
വീഡിയോകളും മെഡിക്കല്‍ ജേര്‍ണലുകളുമൊക്കെ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതലായി അന്വേഷിച്ചാല്‍ ഇതൊക്കെ വ്യാജമാണെന്ന് നമുക്ക് അറിയാന്‍ കഴിയും.
ഇത്തരം പൊടിക്കൈകള്‍ ഉപയോഗിക്കുന്ന വ്യക്തി ഭാവിയില്‍ നിത്യരോഗിയായി മാറുന്നുവെന്ന യാഥാര്‍ഥ്യം മറക്കരുത്.
ട്രോളന്മാരോട്
സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളുടെ കാലമാണ്. എന്തിനുമേതിനും ട്രോളുകളിറക്കി രസം കണ്ടെത്തുന്നവരാണ് ചിലര്‍.
ട്രോളുകള്‍ ആളുകളെ ആനന്ദിപ്പിക്കും. ചിലത് ദു:ഖിപ്പിക്കും. ട്രോളുകളോടു രണ്ടു തരത്തില്‍ സമീപിക്കാം. ഒന്നെങ്കില്‍ പ്രതികരിക്കാം.
തക്ക മറുപടിയും കൗണ്ടര്‍ പോയിന്റുകളും നല്കി ട്രോളന്മാരുടെ മനോവീര്യം കുറയ്ക്കാം. അപ്പോള്‍ ട്രോളന്മാര് താനെ പിന്മാറിക്കൊള്ളും.
രണ്ടാമതുള്ളത് ട്രോളുകള്‍ നേരമ്പോക്കായി കാണാം. തന്നെക്കുറിച്ചുള്ള മോശം ട്രോളുകളാണെങ്കിലും ചില സെലിബ്രിറ്റികള്‍ അതു ഷെയര്‍ ചെയ്യുന്ന സ്ഥിതി ഇന്നുണ്ട്.
അതുകൊണ്ട് ട്രോളന്മാര് പിന്‍വാങ്ങാം, അല്ലെങ്കില്‍ കൂടുതലായി ദ്രോഹിക്കില്ലെന്ന വിശ്വാസമാണ് ഇതിനു പിന്നിലുള്ളത്.
പെണ്‍കുട്ടികള്‍ കരുതിയിരിക്കുക
സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ എവിടെയെല്ലാം ചതിക്കുഴികള്‍ പതുങ്ങിയിരിക്കുന്നുണ്ടെന്ന ധാരണ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണം.
പ്രണയം നടിച്ചെത്തുന്ന വെര്‍ച്വല്‍ ഫ്രണ്ട് ഏതു തരത്തിലുള്ള ആളാണെന്ന് അറിയാന്‍ കഴിയില്ല.
സ്കൂള്‍ വിദ്യാര്‍ഥിനികളോടു സോഷ്യല്‍ മീഡിയയിലൂടെ പ്രണയാഭ്യര്‍ഥന നടത്തിയ വൃദ്ധന്മാര് പോലുമുള്ള കാലമാണെന്ന ഓര്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ഒരു ഹായില്‍ തുടങ്ങുന്ന സൗഹൃദം അതിരുവിടാതെ നോക്കണം. മോഹനവാഗ്ദാനങ്ങളില്‍ പെട്ട് ആദ്യം ഫോട്ടോ നല്‍കും.
പിന്നീട് അത് നഗ്നഫോട്ടോയോ സ്വകാര്യ വീഡിയോയോ ആകാം. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ചതിയില്‍പ്പെടുന്ന കേസുകള്‍ നിരവധിയുണ്ടാകുന്നുണ്ട്.
കാമുകന്മാര് പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവങ്ങളും അടുത്തിടെ ഉണ്ടായി.
അതിരുവിട്ടാല്‍ പരാതിപ്പെടാം
സൗഹൃദത്തിനുവേണ്ടിയുള്ള ഒരു ഉപാധിയാണ് സോഷ്യല്‍ മീഡിയ. ഇവിടെ അനേകം വിഷയങ്ങള്‍ കൈമാറുന്ന കൂട്ടായ്മകളുണ്ട്. പല തരത്തിലുള്ള ചര്‍ച്ചകളും നടക്കും.
എന്നാല്‍ സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ സൈബര്‍ സെല്ലിനു പരാതി നല്‍കാം.
അജ്ഞാത കോണിലിരുന്നുള്ള സൈബര്‍ ആക്രമണം ആയാല്‍ പോലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കുടുക്കാനാകും.
അതേ, സോഷ്യല്‍ മീഡിയ നല്ലതാണ്, അറിഞ്ഞ് ഉപയോഗിച്ചാല്‍. അല്ലാത്തപക്ഷം പഠനവും ജോലിയുമൊക്കെ നഷ്ടപ്പെട്ട് വിഷാദരോഗത്തിന് അടിമപ്പെടുന്ന, അല്ലെങ്കില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി ആത്മഹത്യയില്‍ അഭയം തേടേണ്ടിവരുന്ന ഒരു തലമുറയെ നമുക്കു കാണേണ്ടിവരും.
വിവരങ്ങള്‍ നല്‍കിയത്-
വൈ.ടി. പ്രമോദ്
അസി.സബ് ഇന്‍സ്പെക്ടര്‍
സൈബര്‍ സെല്‍, കൊച്ചി കമ്മീഷണറേറ്റ്