കാഞ്ഞങ്ങാട്: പെട്ടെന്നെന്തെങ്കിലും ആവശ്യത്തിന് പോയിവരാനായി റോഡരികില്‍ ഇരുചക്രവാഹനം വയ്ക്കുമ്പോള്‍ താക്കോല്‍ അതില്‍ത്തനെ വയ്ക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍..?
ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് നവാസ് പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒരുപക്ഷേ പിന്നെ വണ്ടി കണ്ടുകിട്ടിയെന്നുതന്നെ വരില്ല.
അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞ് എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയേക്കാം.
കഴിഞ്ഞദിവസം പുതിയകണ്ടം വന്ദേമാതരം ബസ് സ്റ്റോപ്പിന് സമീപത്തായി നിര്‍ത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷന്റെ കെഎല്‍ 60 എഫ് 4358 സ്കൂട്ടര്‍ ഇങ്ങനെയാണ് കാണാതായത്.
സ്കൂട്ടര്‍ നിര്‍ത്തിയിട്ട് മിനിറ്റുകള്‍ക്കകം ലോഹിതാക്ഷന് മടങ്ങിയെത്തുമ്പോഴേക്കും വണ്ടി കാണാനില്ലായിരുന്നു.
ഉടന്‍ തന്നെ പരാതിയുമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. ഇതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ സമീപകാലത്തുതന്നെ കണ്ടതിന്റെ ഓര്‍മയില്‍ പോലീസ് ആദ്യം ചോദിച്ചത് താക്കോല്‍ സ്കൂട്ടറില്‍ തന്നെ വച്ചിരുന്നതാണോ എന്നാണ്.
അതെയെന്ന് ലോഹിതാക്ഷന് പറഞ്ഞതോടെ പോലീസുകാര്‍ നേരെ വന്ദേമാതരം ബസ് സ്റ്റോപ്പിനടുത്തെത്തി. ബസ് സ്റ്റോപ്പിലും സമീപത്തും ഉണ്ടായിരുന്നവര്‍ക്ക് നവാസിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു.
ഇങ്ങനെയൊരു കക്ഷിയെ അല്പസമയം മുമ്പ് അവിടെ കണ്ടിരുന്നോ എന്നു ചോദിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
രണ്ടു പരിശോധനയിലും നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഉറപ്പാക്കിയതോടെ ഇനിയൊന്നും ആലോചിക്കേണ്ടതില്ലെന്നു പറഞ്ഞ് പോലീസ് നവാസിനെ തേടി ചട്ടഞ്ചാലിലെ വീട്ടിലെത്തി.
രാവിലെ ബസ് കയറി എങ്ങോട്ടോ പോയിരുന്നതായും ഇപ്പോള്‍ കാസര്ഗോട്ടുണ്ടെന്നാണ് പറഞ്ഞതെന്നും വീട്ടുകാര്‍ അറിയിച്ചതോടെ നേരെ കാസര്‍ഗോട്ടേക്ക് വച്ചുപിടിച്ചു. ഒടുവില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തുവച്ച് സ്കൂട്ടറിനെയും നവാസിനെയും കണ്ടെത്തിയതോടെ ലോഹിതാക്ഷന് ശ്വാസം നേരെവീണു.
കാഞ്ഞങ്ങാട് സ്റ്റേഷനില്‍ മാത്രം നവാസിനെതിരേ നാലു കേസുകളുണ്ട്. പയ്യന്നൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
നിര്‍ത്തിയിട്ട വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി ഇന്ധനം തീര്‍ന്നാല്‍ ഉപേക്ഷിക്കുകയും താക്കോല്‍ സഹിതം മുന്നില്‍ കാണുന്ന മറ്റെതെങ്കിലും വാഹനം എടുത്ത് മുങ്ങുകയുമാണ് ഇയാളുടെ പതിവ്.
ലോഹിതാക്ഷനു കിട്ടിയ ഭാഗ്യം എല്ലാവര്ക്കും കിട്ടാറില്ലെന്ന് പോലീസ് പറഞ്ഞു. നവാസിന്റെ അതേ സ്വഭാവമുള്ള മോഷ്ടാക്കള്‍ ജില്ലയില്‍ പെരുകുകയാണ്.
നിര്‍ത്തിയിട്ട വണ്ടിയില്‍ താക്കോല്‍ കണ്ടാല്‍ അത് തട്ടിയെടുത്ത് പോവുകയെന്നത് പലര്‍ക്കും വെറുതേയൊരു ഹരമാണ്.
ഇതുമൂലം ഉടമസ്ഥര്ക്കുണ്ടാകുന്ന ധനനഷ്ടവും മാനസികാഘാതവുമൊന്നും അവരെ ബാധിക്കാറില്ല. പലപ്പോഴും ഈ രീതിയില്‍ തട്ടിയെടുക്കുന്ന വാഹനങ്ങള്‍ ഇന്ധനം തീര്‍ന്നുകഴിഞ്ഞാല്‍ എവിടെയെങ്കിലും ഉപേക്ഷിച്ച് കടക്കുകയാണ് പതിവ്.
ചിലപ്പോള്‍ വിജനമായ സ്ഥലങ്ങളിലോ കാട്ടിലോ ആരും കണ്ടെത്താതെ പൊടിയും തുരുമ്പും പിടിച്ച് നശിക്കാനായിരിക്കും അവയുടെ വിധി.
റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും മറ്റും ഈ രീതിയില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളും ആരും കണ്ടുപിടിക്കാതെ കാലങ്ങളോളം കിടന്ന് നശിക്കാറുണ്ട്.
കുറച്ചുകൂടി പ്രഫഷണലായ മോഷ്ടാക്കളാണെങ്കില്‍ വാഹനം ഇതരജില്ലകളിലോ സംസ്ഥാനങ്ങളിലോ കൊണ്ടുപോയി മറിച്ചുവില്‍ക്കുകയോ ലഹരിവസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുകയോ ഭാഗങ്ങള്‍ അഴിച്ചുമാറ്റി മറിച്ചുവില്‍ക്കുകയോ ഒക്കെ ചെയ്യാറുണ്ട്.
ചുരുക്കത്തില്‍ ഒരു സെക്കൻഡ് കൊണ്ട് പോയിവരാനാണെങ്കിലും നിര്‍ത്തിയ വണ്ടിയില്‍ താക്കോല്‍ വയ്ക്കാതിരിക്കുകയാണ് ഉടമയ്ക്ക് കഷ്ടനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്.