സമൂഹത്തെ ഭയന്ന് സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ വീര്‍പ്പുമുട്ടി ജീവിക്കുന്ന അനേകം ആളുകള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്.
ഇഷ്ടമില്ലാത്ത ഉടലുകളില്‍ ഉള്ളില്‍ മറ്റൊരു വ്യക്തിയായി ജീവിക്കുന്നവര്‍. പലപ്പോഴും സമൂഹത്തെയും വ്യവസ്ഥയെയുമൊക്കെ ഭയന്നാണ് അവരിലേറെയും തുറന്നുപറച്ചില്‍ നടത്താത്തത്.
എന്നാല്‍ കാലമെത്ര വൈകിയാലും അവനവനെ സ്വീകരിക്കാനുള്ള അവസരം കളയരുതെന്ന് വ്യക്തമാക്കുന്ന ഒരു ട്രാന്‍സ് വനിതയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് നിഷിക എന്ന ട്രാന്‍സ് വുമണ്‍ ജീവിതത്തിലെ പച്ചയായ അനുഭവങ്ങള്‍ തുറന്നുപറയുന്നത്.
ഇന്ന് രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ടെന്നീസ് കോച്ചാണ് നിഷിക. പക്ഷേ ഈയൊരു തലത്തിലേക്കെത്തുന്നതിനു മുമ്പ് നിരവധി അഗ്നിവഴികളിലൂടെ കടന്നു പോയതിന്റെ അനുഭവകഥകളാണ് നിഷികയ്ക്ക് പറയാനുള്ളത്.
ജെന്‍ഡര്‍ ഏതാണെന്നുപോലും തിരിച്ചറിയാതെ, അതു തുറന്നുപറയാനാകാതെ നീക്കിയ കാലത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക. ബൈസെക്ഷ്വലാണെന്നാണ് ആദ്യം കരുതിയിരുന്നത്.
പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നാല്പ്പതുകളിലാണ് തന്റെ ശരീരവും മനസ്സും രണ്ടു ധ്രുവങ്ങളിലാണ് ജീവിക്കുന്നതെന്ന് നിഷിക തിരിച്ചറിയുന്നത്. തുടര്‍ന്ന് അത് പങ്കാളിയോടും ലോകത്തോടും വിളിച്ചു പറഞ്ഞതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക.
നിഷികയുടെ കുറിപ്പ് ഇങ്ങനെ…
ആണ്കുട്ടിയായാണ് ഞാന്‍ ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ ഞാനൊരു ആണ്‍കുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ കൂട്ടാണ് എനിക്ക് ഏറെ സുരക്ഷിതത്വം നല്‍കിയിരുന്നത്, അവരിലൊരാളാണ് ഞാനെന്ന് തോന്നിയിരുന്നു.
പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ചെയ്യാനും നഖത്തില്‍ ചായം പൂശാനും സുന്ദരിയാവാനുമൊക്കെ ഞാനിഷ്ടപ്പെട്ടു. പക്ഷേ ഒരു ദിവസം എന്റെ ഒരു ആന്റി ഇത് കണ്ടുപിടിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.
ആണ്‍കുട്ടികളുടെ സ്കൂളില്‍ ചേര്‍ത്താണ് അവര്‍ പകരംവീട്ടിയത്. അതോടെ ഞാനൊരു കൂടിലേക്ക് ഒതുങ്ങുകയായിരുന്നു. സ്കൂളില്‍ കളിയാക്കപ്പെടുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുകയുമൊക്കെ ചെയ്തിരുന്നു.
എഴുന്നേല്‍ക്കണമെന്നേ തോന്നാത്ത പ്രഭാതങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ. എന്റെ ജെന്‍ഡറില്‍ ആശയക്കുഴപ്പത്തിലാവുകയും പലപ്പോഴും നിരാശ തോന്നുകയും ചെയ്തു.
പരീക്ഷകളില്‍ പരാജയപ്പെടാന്‍ തുടങ്ങി. അച്ഛന് അദ്ദേഹത്തിന്റെ വിജയങ്ങളുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് ഞാന്‍ ചെറുതാകുന്നതുപോലെ തോന്നി.
കോളേജിലേക്ക് പോകുന്ന കാലമായപ്പോഴേക്കും അമിത ഉത്കണ്ഠയും പെട്ടെന്നുള്ള ദേഷ്യവുമൊക്കെ എന്റെ കൂട്ടായിരുന്നു. എന്റെ വ്യക്തിത്വം കണ്ടെത്താനാകാതെ ഞാന്‍ നിരാശയിലാണ്ടിരുന്നു.
അതിനിടെ കുടുംബത്തില്‍ നിന്ന് വിവാഹിതനാകാനുള്ള നിര്‍ബന്ധവും കൂടിവന്നു. ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്നാണ് എനിക്ക് തോന്നിയിരുന്നത്. കാരണം ഞാന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രണയിച്ചിരുന്നു.
മുപ്പതാം വയസ്സിലാണ് ഞാന്‍ അവളെ ഞാന്‍ ഒരു സുഹൃത്തുവഴി കണ്ടുമുട്ടുന്നത്. അതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു വൈകാരികബന്ധം അവളുമായുണ്ടായി. ഞങ്ങള്‍ ആത്മാര്‍ഥ സുഹൃത്തുക്കളായി.
പോകെപ്പോകെ അവള് ഞാനുമായി പ്രണയത്തിലായി. ഞാനുമതെ, പക്ഷേ ഒരിക്കലും എന്റെ ഭൂതകാലത്തെക്കുറിച്ച് ഞാന്‍ അവളോട് പറഞ്ഞിരുന്നില്ല.
പക്ഷേ ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്നു തോന്നുന്നു എന്ന കാര്യംമാത്രം അവളോട് പറഞ്ഞു. അതിനവള്‍ക്ക് കുഴപ്പവും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി.
ഒരു പുരുഷനെപ്പോലെ അഭിനയിക്കുന്നതില്‍ ഞാന്‍ മിടുക്കനായിരുന്നു. എന്റെ ഉള്ളില്‍ എന്താണെന്ന യാതൊരു ഊഹവും അവളില്‍ ഉണ്ടായില്ല. കാലങ്ങളോളം ഞാന്‍ എന്റെ വികാരങ്ങള്‍ അമര്‍ത്തിവച്ചു.
സമൂഹത്തിനുവേണ്ടി ഞാന്‍ അഭിനയിച്ചു. ഒരു ബൈക്ക് വാങ്ങുകയും എന്റെ പുരുഷത്വം കാണിക്കാന്‍ ജിമ്മില്‍ പോയിതുടങ്ങുകയും ചെയ്തു.
അപ്പോഴും ഭൂതകാലത്തെ മാനസികാഘാതവുമായി പൊരുത്തപ്പെടുന്നതോര്ത്തും അവള് അതറിഞ്ഞാലുള്ള അവസ്ഥയോര്‍ത്തും ഭയപ്പെട്ടിരുന്നു. എനിക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല, കടത്തില്‍ മുങ്ങി.
പക്ഷേ ഞങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളും വന്നു. ഞാന്‍ കാരണം അവള് വിഷമിക്കുന്നത് എന്നെ തളര്‍ത്തി. മുപ്പത്തിയേഴാം വയസ്സില്‍ അതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഞാന്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങുകയും ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
പക്ഷേ അപ്പോഴും ഞാന്‍ സന്തോഷത്തിലായിരുന്നില്ല, എനിക്കിങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ചിന്തിച്ചു. അങ്ങനെ നാല്പത്തിമൂന്നാം വയസ്സില്‍ ഒരു യാത്ര ചെയ്യാനും എന്നെതന്നെ കണ്ടെത്താനും തീരുമാനിച്ചു.
ഞാനെന്നെക്കുറിച്ച് സുഹൃത്തുക്കളോട് തുറന്നുപറഞ്ഞു. ഞാന്‍ എങ്ങനെയായാലും അവര്‍ എന്നെ സ്നേഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞു.
അങ്ങനെ പതിമൂന്നുവര്ഷത്തെ വിവാഹബന്ധത്തിനുശേഷം എന്റെ ഭാര്യയോട് ഞാന്‍ അക്കാര്യം തുറന്നുപറഞ്ഞു. ”ക്ഷമിക്കണം, ഞാനൊരു ട്രാന്‍സ് വുമണാണ്”. അവള് തകര്‍ന്നുപോയിരുന്നു.
പക്ഷേ വേദനയ്ക്കിടയിലും അവള് പറഞ്ഞു, എല്ലാവരും അവര്‍ ആരാണോ അവരായി ജീവിക്കാന്‍ അര്‍ഹരാണ് എന്ന്. ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണ്. അവളെ വേദനിപ്പിച്ചല്ലോ എന്നത് ഇപ്പോഴും എന്നെ വിഷമിപ്പിക്കാറുണ്ട്.
പക്ഷേ വിവാഹബന്ധം അവസാനിപ്പിച്ചതോടെ ഞാന്‍ എന്റെ വ്യക്തിത്വത്തെ പുണര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ടെന്നിസ് കോച്ചാണ് ഞാന്‍.
അടുത്തമാസം ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുകയാണ്. ആശങ്കയും ആകാംക്ഷയുമുണ്ട്. ഇപ്പോഴും ഞാന്‍ മുഴുവനായി ഭൂതകാലത്തെ മുറിവുകളില്‍ നിന്ന് മുക്തമായിട്ടില്ല. പക്ഷേ ഞാന്‍ അതിലേക്ക് അടുക്കുകയാണ്.