ന്യൂഡൽഹി: ഉത്സവകാലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വാക്സിനേഷനിൽ ഇന്ത്യ അന്താരാഷ്ട്ര റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ടീം ഇന്ത്യ ഓരോ ദിവസവും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുകയാണ്.
ഒരാൾക്കും ഈ സുരക്ഷാ ചക്രത്തെ മറികടക്കാൻ കഴിയില്ലെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു.
എല്ലാവരും കോവിഡ് വാക്സിൻ എടുക്കുകയും മറ്റുള്ളവരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും മോദി പറഞ്ഞു.
സെപ്റ്റംബറിൽ ലോക നദി ദിനം ആചരിക്കുന്ന ദിവസം കൂടിയാണ്. നദികൾ ജലം ഉൾപ്പടെ നമുക്ക് നൽകി വരുന്ന നിസ്വാർഥമായ സേവനം വിസ്മരിക്കാവുന്നതല്ല. നദീസംരക്ഷണത്തിനായി എല്ലാവരും സ്വയമേ മുന്നോട്ടു വരണം.
തമിഴ്നാട്ടിലെ നാഗ നദി വറ്റി വരണ്ടു കിടക്കുകയായിരുന്നു. പ്രദേശത്തെ സാധാരണ സ്ത്രീകളും സർക്കാർ പ്രതിനിധികളും കൂടി കൈ കോർത്തപ്പോൾ ആ നദി മൃതിയിൽനിന്നു രക്ഷപ്പെട്ടു. ഇപ്പോൾ അവിടെ ധാരാളം വെള്ളമുണ്ടെന്നും മോദി പറഞ്ഞു.
എല്ലാവരും ശുചിത്വം ഒരു ശീലമാക്കി മാറ്റണം. മഹാത്മാ ഗാന്ധി ശുചിത്വത്തിന്റെ വക്താവ് കൂടിയായിരുന്നു.
അദ്ദേഹം ശുചിത്വത്തെ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഭാഗമാക്കി മാറ്റിയെന്നും മോദി പറഞ്ഞു. പ്രാദേശിക നെയ്ത്തുകാരെയും തൊഴിലാളികളെയും സഹായിക്കാൻ എല്ലാവരും ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്നും മോദി ആഹ്വാനം ചെയ്തു. ബാപ്പുജിയുടെ ജൻമദിനം ഒരാഘോഷമാക്കി മാറ്റണമെന്നും മോദി പറഞ്ഞു.
അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ മോദിക്ക് ഇന്നലെ ഡൽഹി വിമാനത്താവളത്തിനു പുറത്ത് വലിയ സ്വീകരണമാണു നൽകിയത്.