തിരുവനന്തപുരം: കോണ്ഗ്രസ് മണക്കാട് വാർഡ് പ്രസിഡന്റിനേയും ഭാര്യയേയും അക്രമിച്ചതായി പരാതി. കോണ്ഗ്രസ് മണക്കാട് വാർഡ് പ്രസിഡന്റ് രാമചന്ദ്രൻ നായർ, ഏഴുമാസം ഗർഭിണിയായ ഭാര്യ സരിതഎന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകുന്നേരം നാലോടെ യൂത്ത് കോണ്ഗ്രസ് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത്, യൂത്ത് കോണ്ഗ്രസ് മണക്കാട് മണ്ഡലം സെക്രട്ടറി രാഗേഷ് എന്നിവർ വീടു കയറി ആക്രമിച്ചതായി രാമചന്ദ്രൻ നായർ പോലീസിനോട് പറഞ്ഞു.
കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ നായർ രാജേഷിനും സംഘത്തിനും എതിരെ ഡിസിസിക്ക് പരാതി നൽകിയിരുന്നു.
തെരഞ്ഞടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയതായും കുര്യാത്തി വാർഡിൽ ബിജെപിക്ക് വോട്ട് മറിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു.
പരാതി നൽകിയതിനെ തുടർന്ന് നടന്നുവന്ന തർക്കമാണ് ഇന്നലെ അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ രഞ്ജിത്തിനെയും രാഗേഷിനെയും ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.