ജോണ്സണ് വേങ്ങത്തടം
കോട്ടയം: എഐസിസി അംഗത്വം കൂടി രാജി വച്ചതോടെ വി.എം.സുധീരന്റെ കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടട്ടെ എന്ന നിലപാടുമായി കെപിസിസി. ഹൈക്കമാൻഡ് ഇടപെട്ടു പ്രശ്നപരിഹാരം ഉണ്ടാക്കിയാൽ മതിയെന്ന നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യസമതിയിൽ നിന്നും രാജി വച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംസാരിച്ചെങ്കിലും പിന്നീട് പ്രശ്നപരിഹാരത്തിനു സുധീരൻ തയാറാകാതെ എഐസിസി അംഗത്വവും രാജി വയ്ക്കുകയായിരുന്നു. ഈ വിഷയത്തിൽ കെപിസിസിയും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായിട്ടാണ് നേതൃത്വം മുന്നോട്ടു പോകുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിട്ടും വിട്ടുവീഴ്ച ചെയ്യാൻ സുധീരൻ തയാറായിട്ടില്ല. കോണ്‍ഗ്രസിനെ സമർദതന്ത്രത്തിൽപ്പെടുത്തി കെപിസിസി പുനഃസംഘടനയിൽ തന്റെ ആളുകൾക്കു കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള നീക്കമായിട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സുധീരന്റെ നിലപാടിനെ കാണുന്നത്.
ഹൈക്കമാൻഡ് അനുനയനീക്കത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് സുധീരനും. ദേശീയ നേതൃത്വത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയും അദ്ദേഹവുമായി അടുത്ത നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ പിണക്കി മുന്നോട്ടു പോകാൻ ഹൈക്കമാൻഡ് തയാറാകില്ലെന്ന വിശ്വാസത്തിലാണ് ഇവർ.
ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾക്കു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോടു വിയോജിപ്പുണ്ട്. അധികാരം കിട്ടിയപ്പോൾ തങ്ങളെ അപമാനിച്ചുവെന്ന വികാരം ഇവർ പലപ്പോഴായി പങ്കുവച്ചു കഴിഞ്ഞു. സുധീരനും ഹൈക്കമാൻഡിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്. അതേ സമയം കെപിസിസി നേതൃത്വത്തെ രൂക്ഷവിമർശനത്തിനു വിധേയമാക്കാനും അദ്ദേഹം മുന്നോട്ടു വരുന്നു.
കേരളത്തിലെ പാർട്ടിയിൽ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി.
കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത നടപടികൾ പുതിയ നേതൃത്വത്തിൽ നിന്നുണ്ടായതോടെയാണ് ഞാൻ പ്രതികരിക്കാൻ തയ്യാറാതെന്നു സുധീരൻ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാൽ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെച്ചത്.
പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ലെന്നാണ് സുധീരന്റെ നിലപാട്. കേരളത്തിൽ സിപിഎമ്മിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ യോഗ്യനായ നേതാവ് കെ. സുധാകരനാണെന്ന കാര്യത്തിൽ ഹൈക്കമാൻഡിനു യാതൊരു തർക്കവുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ നിൽക്കണമെങ്കിൽ സുധാകരനു മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂവെന്ന വികാരം ഹൈക്കമാൻഡും പങ്കുവയ്ക്കുന്നു. അതു കൊണ്ടു തന്നെ കേരളത്തിലെ മുതിർന്ന നേതാക്കൾ എത്രമാത്രം പ്രതികരിച്ചാലും സുധാകരന്റെ വഴിയെ മാത്രമേ കോണ്‍ഗ്രസ് മുന്നോട്ടു പോകുകയുള്ളൂവെന്നാണ് അദ്ദേഹത്തോടു ചേർന്നുനിൽക്കുന്ന നേതാക്കളുടെ അഭിപ്രായം.
ഇതിനിടയിൽ കെപിസിസി പുനസംഘടനയിൽ ചർച്ച നടത്തി തീരുമാനമുണ്ടാകണമെന്ന് താരിഖ് അൻവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.