കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീടുകള്‍ക്ക് പോലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായി സൂചന ലഭിച്ചു.
ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയത്. 2019 ജൂണ്‍ 13ന് ആണ് ഡിജിപി കത്ത് അയച്ചത്. പിന്നാലെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പോലീസ് സുരക്ഷ ഒരുക്കിയത്.
അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്സൻ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് പോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.
മോന്സന് വേണ്ടി ഇടപ്പെട്ടവരില്നടന് ബാലയും; ശബ്ദരേഖ പുറത്ത്
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനായി ഇടപ്പെട്ടവരില് നടന് ബാലയും. മോന്‍സണും ഡ്രൈവര്‍ അജി നെട്ടൂരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാല ഇടപ്പെട്ട ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി നല്കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം എന്നാണ് പരാതിയിലുള്ളത്.അജിത്തിനെതിരേ മോണ്സണ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സണെതിരേ അജി നെട്ടൂരും പരാതി നല്കി. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനാണ് അജി പരാതി നല്‍കിയത്.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജി ബാലയോട് പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജി അത് വിസമ്മതിക്കുന്നതായും ശബ്ദരേഖയിലുണ്ട്.
കൊട്ടാരം വിൽക്കാനുണ്ടേ…
എറണാകുളത്തുനിന്ന് നിലവില്‍ മോന്‍സണെതിരേ രണ്ടു പരാതികളാണ് ലഭിച്ചിരിക്കുന്നത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി. പുരാവസ്തുക്കളും എറണാകുളത്ത് കൊട്ടാരം വില്ക്കാനുണ്ടെന്നുമൊക്കെയാണ് ഇയാള്‍ പണം കൈപ്പറ്റിയവരോട് പറഞ്ഞിരുന്നത്.
ഇക്കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങള്‍ തട്ടിപ്പിന് ഇരയായവര്‍ പോലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പലര്‍ക്കും പണം നല്‍കാനുണ്ടെന്ന് മോന്സന് ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. താന്‍ ആരെയും കബളിപ്പിച്ചിട്ടില്ല. പണം നല്‍കാനുണ്ട്.
അത് ഉടന്‍ നല്‍കുമെന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഇദേഹം പറഞ്ഞിട്ടുള്ളത്. മോന്‍സന്റെ മൊഴി പോലീസ് മുഖവിലക്കെടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കും.
ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ആര് നിര്‍മിച്ച് നല്കി എന്നതടക്കമുള്ളവ അന്വേഷണ പരിധിയില്‍ വരും. സാമ്പത്തികം നല്‍കുന്നവരുടെ വിശ്വാസം പിടിച്ചുപറ്റാനാണ് ഇയാള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം ചിത്രം എടുത്തിരുന്നത്.
എന്നാല്‍ ഇടപാടില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പ്രത്യേകം അന്വേഷിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
അതിനിടെ മോന്‍സനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഹര്‍ജി നല്കി. ഇന്നു മുതല്‍ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹര്‍ജി.
ഇയാളെ കുറ്റകൃത്യത്തിലുള്‍പ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതിനും കേസിലുള്‍പ്പെട്ടതും ഇയാള്‍ കൃത്രിമമായി ചമച്ച രേഖകള്‍ പരിശോധിക്കാനും കസ്റ്റഡി അനിവാര്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു.
പ്രതി പലരില്‍നിന്നും തട്ടിച്ചെടുത്ത പണം എങ്ങിനെ ഉപയോഗപ്പെടുത്തി, തട്ടിപ്പിനുള്ള ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.