ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരേ ടീമിലെ മുതിർന്ന അംഗം ആർ. അശ്വിൻ ബിസിസിഐക്കു പരാതി നൽകിയിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടീമിൽ സുരക്ഷിതത്വമില്ലെന്ന അവസ്ഥ ജനിപ്പിച്ച് കോഹ്ലി മാനസികമായി തളർത്തുകയാണെന്നായിരുന്നു അശ്വിന്റെ പരാതി.
ന്യൂസിലൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പന്ത് നൽകുന്നതിൽ കോഹ്ലി താത്പര്യം കാണിച്ചില്ലെന്നും തുടർന്ന് ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരന്പരയിൽ അവസരം നിഷേധിച്ചെന്നും അശ്വിന്റെ പരാതിയിലുണ്ടെന്നാണു റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അശ്വിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താത്തതിനെ ക്രിക്കറ്റ് പണ്ഡിതരുൾപ്പെടെ ശക്തമായി വിമർശിച്ചിരുന്നു. നാലാം ടെസ്റ്റിൽ അശ്വിനെ ഉൾപ്പെടുത്തണമെന്നു മുഖ്യപരിശീലകൻ രവി ശാസ്ത്രി ആവശ്യപ്പെട്ടെങ്കിലും കോഹ്ലി ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുണ്ട്.
കോഹ്ലിയുടെ രാജി
കോഹ്ലിക്കെതിരായ വിമർശനം ഏറെ നാളായി നിൽക്കുന്നുണ്ട്. മൈതാനത്തിനു പുറത്ത് കോഹ്ലി മറ്റൊരാളാണെന്നും ആരുമായി സൗഹൃദമില്ലെന്നും മുതിർന്ന ടീം അംഗങ്ങൾതന്നെ വിമർശനം ഉന്നയിച്ചു. ഇതിന്റെ ആകെത്തുകയാണ് കോഹ്ലി ഉടനടി ട്വന്റി-20 ക്യാപ്റ്റൻസി ഉപേക്ഷിച്ചതെന്നാണു റിപ്പോർട്ട്.
ട്വന്റി-20 ലോകകപ്പിനുശേഷം ട്വന്റി-20 ക്യാപ്റ്റൻസി ഉപേക്ഷിക്കുമെന്ന കോഹ്ലിയുടെ പ്രഖ്യാപനത്തിനു മറ്റു രണ്ടു കാരണങ്ങൾകൂടിയുണ്ടെന്നാണു സൂചന. അതിൽ പ്രധാനം ആർ. അശ്വിനെ ടീമിലെടുത്തതാണ്. മറ്റൊന്ന് എം.എസ്. ധോണിയെ ടീമിന്റെ ഉപദേശകനാക്കിയതും.
ധോണിയെ ഉപദേശകനാക്കിയതു കോഹ്ലിയുടെ സമ്മതത്തോടെ അല്ലായിരുന്നു. ഈ രണ്ടു നീക്കവും കോഹ്ലിയും ബിസിസിഐ സെലക്ടർമാരും തമ്മിൽ അസ്വാരസ്യമുണ്ടാക്കി. അശ്വിനു പകരം യുസ്വേന്ദ്ര ചാഹലിനെ ടീമിലെടുക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം.
2017 ജൂലൈ ഒന്പതിനു വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനുശേഷം അശ്വിൻ ഇന്ത്യക്കായി ട്വന്റി-20 കളിച്ചിട്ടില്ലെന്നതും ഇതിനോട് ചേർത്ത് വായിച്ചാലാണു കോഹ്ലിയും സെലക്ടർമാരും മറ്റ് ടീം അംഗങ്ങളുമെല്ലാം ഉൾപ്പെടുന്ന കളത്തിനു പുറത്തെ കളിയുടെ യഥാർഥ ചിത്രം വ്യക്തമാകൂ.
ഏകദിന നായകസ്ഥാനവും
ബിസിസിഐ വൃത്തങ്ങൾക്കുള്ളിൽനിന്നുള്ള സൂചന പ്രകാരം വൈകാതെതന്നെ കോഹ്ലി ഏകദിന ക്യാപ്റ്റൻസ്ഥാനവും രാജിവയ്ക്കും. ഐസിസി ട്വന്റി-20 ലോകകപ്പ് കോഹ്ലിയെ സംബന്ധിച്ച് നിർണായകമാണ്.
ഏകദിന, ട്വന്റി-20 ക്യാപ്റ്റൻസ്ഥാനം ഒഴിയാൻ മുഖ്യപരിശീലകൻ രവി ശാസ്ത്രിതന്നെ കോഹ്ലിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. രോഹിത് ശർമയാകും ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് നായകനാകുക. 2019 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഉയർന്ന ആവശ്യമാണിതെന്നതും മറ്റൊരു യാഥാർഥ്യം.
ലോകകപ്പ് ടീമിൽ മാറ്റംവരും
ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീം പ്രഖ്യാപനം വിമർശനങ്ങൾക്കു വിധേയമായ പശ്ചാത്തലത്തിൽ ടീമിൽ ശ്രദ്ധേയ മാറ്റം വരുമെന്നു ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഹാർദിക് പാണ്ഡ്യയെ ടീമിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യ ഉയർന്നു. ഇന്ത്യയുടെ 18 അംഗ പട്ടികയിൽ പകരക്കാരനായി ഉൾപ്പെടുത്തിയ ശ്രേയസ് അയ്യർ 15 അംഗ ടീമിൽ ഇടംപിടിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, യുഎഇയിൽ തന്റെ രണ്ടാം മത്സരത്തിന് ഇന്നലെ ഇറങ്ങിയ ഹാർദിക് 40 റൺസുമായി പുറത്താകാതെനിന്ന് മുംബൈയെ ജയത്തിലെത്തിച്ചു. പരിക്കാണു ഹാർദിക്കിന്റെ പ്രശ്നം.
അതേസമയം, ഇന്ത്യൻ ടീമിലുൾപ്പെട്ട മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർക്കും ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല.
അതേസമയം, ടീമിൽ ഇടം ലഭിക്കാത്ത മലയാളി താരം സഞ്ജു വി. സാംസണ് മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാൻ കിഷന്റെ സ്ഥാനത്തേക്കു സഞ്ജു എത്തുമോ എന്നതും മറ്റൊരു ചോദ്യം.