ഷിക്കാഗോ: വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന റസ്ലിംഗ് ചാന്പ്യനായിരുന്ന മെലിസ ഡി ലഗാർസ (18) അജ്ഞാതന്റെ വെടിയേറ്റു മരിച്ചു.
ഏഴു വെടിയുണ്ടകളാണ് ഇവരുടെ ശരീരത്തിൽ തുളച്ചു കയറിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഹൈസ്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത മെലിസയ്ക്ക് ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കോളേജിൽ പ്രവേശനം ലഭിച്ചിരുന്നു.
പഠനം തുടരാനിരിക്കെയായിരുന്നു മരണം അപ്രതീക്ഷിതമായി മെലിസയുടെ ജീവിതത്തിന് വിരാമമിട്ടത്.
വെടിയൊച്ച കേട്ട് വീട്ടിൽ നിന്നും പുറത്തേക്ക് വന്ന പിതാവ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്.
വെടിവെച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സംഭവസ്ഥലത്തു നിന്നും ഓടിപോകുന്നതും കണ്ടിരുന്നു.
യുവാവിനോടൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മെലിസയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവസാനമായി സംസാരിച്ച സഹോദരി ഇസബേലിന് മെലിസയുടെ മരണം വിശ്വസിക്കാനാവുന്നില്ല.
ഹാലോവിൻ കോസ്റ്റ്യൂമിനെ കുറിച്ചാണ് ഇരുവരും ചാറ്റ് ചെയ്തിരുന്നത്. വെടിവച്ച അജ്ഞാതനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഷിക്കാഗോ സിറ്റിയിൽ മൂന്നുപേർ വെടിയേറ്റു കൊല്ലപ്പെടുകയും, ഒരു ഷിക്കാഗോ പോലീസ് ഓഫീസർ, 15 വയസുള്ള ആണ്‍കുട്ടി എന്നിവർ ഉൾപ്പെടെ 15 പേർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു.
പി.പി. ചെറിയാൻ