ലണ്ടൻ: ടാങ്കർ ഡ്രൈവർമാരുടെ അഭാവം മൂലം ബ്രിട്ടനിൽ പെട്രോൾവിതരണം പ്രതിസന്ധിയിൽ.
രാജ്യത്തുടനീളമുള്ള പന്പുകൾ കാലിയായി. ഇന്നലെവരെയുള്ള നാലുദിവസം പന്പുകളിൽ വാഹനങ്ങളുടെ വൻനിര ദൃശ്യമായിരുന്നു. ഇന്ധനവിതരണത്തിനു സൈന്യത്തെ നിയോഗിക്കുന്നതു പരിഗണനയിലാണെന്നു സർക്കാർ അറിയിച്ചു.
ബ്രിട്ടനിൽ ഒരു ലക്ഷം ലോറി ഡ്രൈവർമാരുടെ അഭാവം നേരിടുന്നതായാണു റിപ്പോർട്ട്. ഭക്ഷ്യവിതരണത്തിലും സൂപ്പർ മാർക്കറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്.
എണ്ണശുദ്ധീകരണ ശാലകളിൽ ആവശ്യത്തിലധികം പെട്രോളുണ്ട്. എന്നാൽ ഡ്രൈവർമാരുടെ അഭാവം മൂലം പെട്രോൾ കിട്ടാതാകുമോ എന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ പന്പുകളിലെത്തുന്നതാണു പ്രതിസന്ധിക്കു കാരണം.
ചില പന്പുകളിൾ തിരക്ക് അഞ്ചിരട്ടിവരെ വർധിച്ചതായി പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജനങ്ങൾ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങളും പറഞ്ഞു.
ചില്ലറവില്പനക്കാർ അവസരം മുതലാക്കി ഇന്ധനവില വർധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, ആരോഗ്യം, സോഷ്യൽ സുരക്ഷ തുടങ്ങിയവയു മായി ബന്ധപ്പെട്ടവർക്ക് ഇന്ധനവിതരണത്തിൽ മുൻഗണന നല്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ടാങ്കറുകൾ ഓടിക്കാൻ പട്ടാളത്തിൽനിന്ന് 150 പേരെ നിയോഗിക്കുമെന്നാണു റിപ്പോർട്ടുകൾ. ഇതിൽ 75 പേർ പരിശീലനം പൂർത്തിയായി തയാറായി നിൽക്കുകയാണ്.
പെട്രോൾ വിതരണം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
ബ്രിട്ടനിലെ ലോറി ഡ്രൈവർമാരുടെ ശരാശി പ്രായം 55 ആണെന്നു പറയുന്നു. മോശം ജോലിസാഹചര്യങ്ങൾ അടക്കമുള്ള കാരണങ്ങളാൽ പുതിയ ആൾക്കാരെത്തുന്നില്ല.
വിദേശികളാണു കൂടുതലായും ഡ്രൈവർ ജോലിക്കെത്തുന്നത്.