സ്വന്തം ലേഖകന്‍
കൊച്ചി: സിപിഎമ്മിന്റെ അച്ചടക്ക നടപടിയില്‍ അങ്കക്കലി പൂണ്ട ബേബിപക്ഷം പാര്‍ട്ടി സമ്മേളനങ്ങളില്‍ ആഞ്ഞടിക്കാനൊരുങ്ങുന്നു. എറണാകുളം ജില്ലയില്‍ കോടിയേരിയുടെ അച്ചടക്കവാള്‍ വീശലില്‍ പരിക്കേറ്റവരില്‍ അധികവും ബേബി പക്ഷക്കാരാണ്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന മുതിര്‍ന്ന നേതാക്കള്‍വരെ സസ്പെന്ഷന് കൈപ്പറ്റി പുറത്തിരിക്കുന്ന സാഹചര്യമാണ് കൂട്ടത്തോടെയുള്ള വെട്ടിനിരത്തലിലൂടെ സംജാതമായിരിക്കുന്നത്.അതിനാല്‍തന്നെ തലമൂത്ത നേതാക്കള്‍ക്ക് ലഭിച്ച കനത്ത പ്രഹരം സംഘടനാ സമ്മേളനങ്ങളില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവയ്ക്കും.
ഒരു വര്‍ഷം സമ്മേളനങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ പുറത്തിരിക്കേണ്ടിവരുന്ന നേതാക്കന്മാര്ക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഇവരെ പിന്തുണയ്ക്കുന്ന പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തുമെന്നാണ് സംസാരം.
പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടുകളും അച്ചടക്ക നടപടികളും പ്രതീക്ഷിച്ചിരിക്കെത്തന്നെ നടപടി നേരിട്ട ചില നേതാക്കള്‍ പാര്‍ട്ടിയുമായും സര്ക്കാരുമാരും ബന്ധപ്പെട്ട പദവികളിലും കയറിക്കൂടിയിരുന്നു. അത്രയ്ക്ക് ശക്തമായിരുന്നു എറണാകുളത്തെ ബേബിപക്ഷക്കാര്.
കമ്മിറ്റികളില്‍ എണ്ണത്തില്‍ കൂടുതലുള്ളത് കൊണ്ടുതന്നെ തങ്ങളെ കാര്യമായി ഒന്നും ബാധിക്കില്ലായെന്ന അമിത ആത്മവിശ്വാസവും അവര്‍ വച്ചുപുലര്‍ത്തിയിരുന്നു. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കോടിയേരി കത്തിവച്ചത്. ഒരു വിഭാഗത്തെ മുഴുവനായി ഇല്ലാതാക്കിയെന്ന ആരോപണം ഉയര്‍ത്താനായിരിക്കും ബേബിപക്ഷക്കാര് ശ്രമിക്കുക.
അതേസമയം അച്ചടക്ക നടപടിയെടുത്തത് മുഖം നോക്കാതെയാണെന്നുള്ളതിന് തെളിവാണ് ഔദ്യോഗിക പക്ഷക്കാരനായ ഷാജു ജേക്കബിനെ പുറത്താക്കിയതിലൂടെ തെളിയുന്നതെന്ന് സ്ഥാപിക്കാനായിരിക്കും ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.
അതുകൊണ്ടുതന്നെ ഇനിയുള്ള സമ്മേളനങ്ങളില്‍ ബേബിപക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ നടപടിക്കെതിരേ വിമര്‍ശനമുയര്‍ത്തുമ്പോള്‍ പാര്‍ട്ടി നടപടിയെ ന്യായീകരിച്ച് ഔദ്യോഗിക പക്ഷവും ശക്തമായി രംഗത്തിറങ്ങും. ഇതു പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കു വഴിവച്ചേക്കാം.