ആലങ്ങാട്: ആലങ്ങാട് പ്രദേശത്ത് നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് വ്യാപക മോഷണം. കുന്നേൽ പള്ളിയിലെ കപ്പേള്ളയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് നേർച്ച കുറ്റികളും ശ്രീനാരയണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കുന്നേൽ എഴുവച്ചിറ, തിരുവാലൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഭണ്ഡാരങ്ങളും കുത്തിതുറന്നാണ് മോഷണം നടത്തിയത്.
ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അന്നേ ദിവസം പുലർച്ചെ 2.30 യോടെ ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങ മാരായിൽ ക്ഷേത്രത്തിന്റെ സമീപത്തെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരമാണു കുത്തിത്തുറന്നു മോഷണം നടത്തിയിരുന്നു.
അതിന് പിന്നാലെയാണ് മോഷ്ടാക്കൾ കുന്നേൽ പള്ളിയുടെ ഉണ്ണികപ്പേള്ള, താമര കപ്പേള, എഴുവച്ചിറ കപ്പേള്ള, കുന്നേൽ എഴുവച്ചിറ, തിരുവാലൂർ എസ്എൻഡിപി ശ്രീനാരയണ ഗുരുവിന്റെ പ്രതിമയുടെ സമീപത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളും കുത്തിതുറന്ന് മോഷണം നടത്തിയത്.
നേർച്ച കുറ്റിയുടെ പുറത്തെ പൂട്ടു തല്ലിപൊളിച്ച നിലയിലായിരുന്നു. കപ്പേളയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന നേർച്ച കുറ്റി തുറന്ന് കിടക്കുന്നത് കണ്ട സമീപവാസി പള്ളിയിലെ കമ്മറ്റിക്കാരെയും വികാരി അച്ഛനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്നു ഉടൻതന്നെ ആലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കപ്പേള്ളകളുടെ നേർച്ച കുറ്റിയിൽനിന്ന് ഏകദേശം 20,000 രൂപയോളവും നഷ്ടപ്പെട്ടിട്ടുണ്ടകാമെന്ന് പള്ളി കമ്മിറ്റിക്കാർ പറയുന്നു. ശ്രീനാരയണ ഗുരുവിന്റെ പ്രതിമയുടെ സമീപത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളിൽ നിന്നും 3000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് എസ്എൻഡിപി ഭാരവാഹികൾ പറഞ്ഞു.
പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആലങ്ങാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനനടത്തി. കപ്പേളയുടെ സമീപത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരുന്നു.
അന്ന് പുലർച്ചെ തന്നെ കൊടുവഴങ്ങ മാരായിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തി എന്ന് പോലീസ് സംശയിക്കുന്ന ബൈക്കിലെത്തിയ രണ്ടു പേർ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദ്യശ്യങ്ങളിൽ അവരുടെ രേഖകൾ പതിഞ്ഞട്ടുണ്ട്.
കഴിഞ്ഞ ദിവസം കരുമാലൂർ തട്ടാം പടി കവലയ്ക്ക് സമീപം അടച്ച് പൂട്ടിയ വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.
കമ്പി പാരയും കല്ലും ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ കുത്തി പൊളിച്ചിരുന്നു. മോഷ്ടാക്കളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുന്നേൽ ഭാഗത്തു പോലീസ് പട്രോളിംഗ് നടത്തിയതിന് ശേഷമാണ് ഈ മോഷണം നടന്നതെന്ന് നാട്ടുകാർ പറയുന്നു.