ജോണ്സണ് വേങ്ങത്തടം
കോട്ടയം: നിയമസഭാ സമ്മേളനം ആരംഭിക്കുന്ന അടുത്ത മാസം നാലിനകം കോർപറേഷൻ, ബോർഡ് പദവികൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ എൽഡിഎഫ് തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.സിപിഎമ്മും സിപിഐയും രണ്ടുവട്ട ചർച്ചകൾ നടത്തി.
എൽഡിഎഫിലേക്കു വന്ന കേരള കോണ്ഗ്രസ് എം, ലോക്താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾക്കു പദവികൾ കണ്ടെത്തണമെങ്കിൽ സിപിഐയും സിപിഎമ്മും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ട്.
സിപിഐയുടെ കൈവശമുള്ള മൂന്നോ നാലോ കോർപറേഷൻ ബോർഡ് പദവികൾ വിട്ടു നൽകും. ചർച്ച തുടരുന്പോൾ അതു കൂടാനും സാധ്യതയുണ്ട്. ബാക്കിയുള്ളവ സിപിഎമ്മും ചെറുപാർട്ടികളും നൽകേണ്ടിവരും. ഏതാനും ചെറുപാർട്ടികൾക്കു ചെയർമാൻ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും മങ്ങുന്നുണ്ട്.
ഗ്രേഡ് തിരിച്ച്
എ, ബി, സി ഗ്രേഡ് തിരിച്ചാണ് കോർപറേഷൻ, ബോർഡ് വിഭജനം നടക്കുക. കേരള കോണ്ഗ്രസ് എം കൂടുതൽ പദവികൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ കേരള കോണ്ഗ്രസ് എമ്മിനായിരിക്കും കൂടുതൽ കോർപറേഷനും ബോർഡുകളും.
അതിനിടെ കൈയിലുള്ള ബോർഡും കോർപറേഷനും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മുന്നണിയിലെ മറ്റു കക്ഷികൾ. നിയമസഭയിലെ പ്രാതിനിധ്യം അനുസരിച്ചു വിഭജനം നടത്താനാണ് തീരുമാനം. ഇതു പ്രകാരം ചെറുകക്ഷികൾക്കു ലഭിക്കുന്ന കോർപറേഷന്റെ അധ്യക്ഷത സ്ഥാനത്തിനു കുറവുണ്ടാകും.
ലോക് താന്ത്രിക് ജനതാദളിനു നിയമസഭയിൽ പ്രാതിനിധ്യമില്ല. ഈ സാഹര്യത്തിൽ കുടുതൽ പരിഗണന നൽകണമെന്ന ആവശ്യം അവർക്കുണ്ട്. കോർപറേഷൻ, ബോർഡ് പദവി വിഭജനം മുന്നിൽ കണ്ടു ഐഎൻഎൽ ഒന്നായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി പുനഃസംഘടനയിലും അവരെ പരിഗണിച്ചിരുന്നില്ല.
എൻസിപി കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. ജനാധിപത്യ കോണ്ഗ്രസും കൂടുതൽ സ്ഥാനമാനങ്ങൾക്കായി മുന്നിലുണ്ട്. കോണ്ഗ്രസ് വിട്ടു എൻസിപിയിൽ ചേർന്നവർ കോർപറേഷൻ ചെയർമാൻ സ്ഥാനം പ്രതിക്ഷിക്കുന്നുണ്ട്.
ജെഡിഎസും നിലവിലുള്ള ബോർഡും കോർപറേഷനും വിട്ടു നൽകാൻ തയാറല്ല. എംഎൽഎ പ്രാതിനിധ്യമുണ്ടെങ്കിലും മന്ത്രി സ്ഥാനം ഇല്ലാത്ത പാർട്ടികളെ പരിഗണിച്ചാൽ അവർക്ക് ഓരോ ചെയർമാൻ സ്ഥാനം ലഭിക്കും.
കോണ്ഗ്രസ് വിട്ടുവന്നവരെ കൂടാതെ എൽഡിഎഫ് ലൈനിൽ സഞ്ചരിക്കുന്ന പ്രമുഖ നേതാക്കൾക്കും കോർപറേഷൻ അധ്യക്ഷ സ്ഥാനം നൽകാനുള്ള സാധ്യത കൂടുതലാണ്. കേരള കോണ്ഗ്രസ് ബിയിൽ നിന്നും കെ. ഗണേഷ്കുമാറിനു മന്ത്രിസ്ഥാനം നൽകാത്ത സാഹചര്യത്തിൽ നല്ലൊരു പദവി നൽകിയേക്കും.
കോണ്ഗ്രസ് എസിനും അംഗീകാരം നൽകേണ്ടിവരും. എന്നാൽ ചെറിയ കക്ഷികൾക്കു വാരിക്കോരി കൊടുത്താൽ സിപിഎമ്മിനും സിപിഐയ്ക്കും നഷ്ടം സംഭവിക്കും. ഇതിനു ഇരുകൂട്ടരും തയാറാകില്ല. പിന്നെ ഉഭയകക്ഷി ചർച്ചകളെല്ലാം പേരിനു മാത്രമായി ചുരുങ്ങാനും സാധ്യതയുണ്ട്.