സീമ മോഹന്‍ലാല്‍
ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമായതാണ് ഹൃദയാഘാതം. ഒരു വ്യക്തിയെ മരണത്തിലേക്കു നയിക്കുന്ന രോഗങ്ങളിൽ കൂടിയപങ്കും ഹൃദയാഘാതമായി മാറിയിരിക്കുന്നു.
ഹൃദയാഘാതം ഉണ്ടാകുന്ന രോഗികളിൽ കൂടുതൽ പേരിലും അതു തടഞ്ഞുനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ സമൂഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിക്കാണുന്നില്ല.
അസുഖം വന്നതിനുശേഷം ചികിത്സിക്കുന്നതിലാണ് നാം ശ്രദ്ധിക്കുന്നത്. അസുഖം എങ്ങനെ വരാതെ കാക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല.
അതുകൊണ്ടുതന്നെ അസുഖം വന്നുകഴിഞ്ഞാല്‍ പിന്നെ ആശുപത്രിയും മരുന്നുമായി ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണുള്ളത്.
അറിവില്ലായ്മയല്ല ഇതിന് കാരണം. മറിച്ച് സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അശ്രദ്ധയും നിസാര മനോഭാവവുമാണ്. അല്പം ശ്രദ്ധിച്ചാല്‍ ഹൃദയാരോഗ്യം സംരക്ഷിച്ചു നിര്‍ത്താനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നതാണ് വസ്തുത.
തിരിച്ചറിയുക
ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക എന്നതാണ്.
കുടുംബപരമായി പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയുള്ളവരും പുകവലി ശീലമുള്ളവരും ഹൃദ്രോഗ ഭീഷണി നേരിടുന്നവരാണ്.
ഇന്ത്യന്‍ ജനസംഖ്യയുടെ 28 ശതമാനം പ്രമേഹരോഗികളാണെന്നാണ് കണക്ക്. കുടുംബപരമായി പ്രമേഹമുള്ളവര്‍ വളരെ നേരത്തെ, അതായത് 40 വയസാകുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തി പ്രമേഹം വരുന്നത് വൈകിപ്പിക്കാന്‍ ആവശ്യമായ ആഹാരക്രമവും ജീവിതശൈലിയും ശീലിക്കണം.
ഇനി ഹൃദയാഘാതം ഉണ്ടായെന്നിരിക്കട്ടെ. അടുത്തത് വരാതിരിക്കാനായി ആഹാരക്രമത്തിലും ജീവിതശൈലിയിലും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി എടുത്ത് വീണ്ടുമൊരു ഹൃദയാഘാതം ഉണ്ടാകുന്നതിനെ പ്രതിരോധിക്കേണ്ടതാണ്.
ആഹാരക്രമം
ഇന്ത്യക്കാരില്‍ കൊളസ്റ്ററോള്‍ സാധാരണ സ്ഥിതിയിലാണെങ്കിലും ഹൃദ്രോഗം കണ്ടുവരുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാകുന്നതാണ് ഇതിന് കാരണം.
ഫ്രക്ട്രോസ് കൂടുതലായി അടങ്ങിയിട്ടുള്ള ജംഗ് ഫുഡുകളും ഹൃദ്രോഗം ഉണ്ടാക്കുന്നു. പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ഹൃദ്രോഗം ഉണ്ടാക്കും.
ഓക്സിഡൈസ്ഡ് എല്‍ഡിഎല്‍ വര്‍ധിക്കാന്‍ ഇത് കാരണമാകും. നാര് അടങ്ങിയിട്ടുള്ള ഭക്ഷണവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ചുകൊണ്ട് പഴയകാലത്തെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്. മദ്യപാനവും പുകവലിയും പൂര്‍ണമായി ഒഴിവാക്കണം.
ജീവിതശൈലി
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ജീവിതശൈലി പ്രധാന ഘടകമാണ്. വ്യായാമം ഒരു ദിനചര്യയാക്കണം.
ശരീരഭാരം, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശാരീരികമായ വ്യായാമം അനിവാര്യമാണ്.
പ്രതിദിനം 30 മുതല്‍ 40 വരെ മിനിറ്റ് വളരെ ആയാസരഹിതമായി നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ആഴ്ചയില്‍ ഒരു ദിവസം വളരെ ആയാസമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദയത്തിന് നല്ലതല്ല.
അനായാസമായ വ്യായാമത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാകും.
ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഴിയാവുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് പരമപ്രധാനമാണ്.
പരിശോധനകള്‍
45 മുതല്‍ 50 വരെ വയസാണ് സാധാരണയായി ഹൃദ്രോഗം ഉണ്ടാകാനുള്ള എന്തെങ്കിലും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്താനുള്ള അനുയോജ്യമായ പ്രായം.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ഹൃദ്രോഗം ഉണ്ടാക്കാന്‍ സാധ്യതകള്‍ കൂടുതലുള്ളവര്‍ 40 വയസാകുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തണം.
ട്രെഡ്മില് ടെസ്റ്റാണ് (ടിഎംടി) ഹൃദ്രോഗം നേരത്തെ കണ്ടെത്താനായി നടത്തുന്ന പരിശോധന. ഇതില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ മാത്രമേ തുടര്‍പരിശോധനകള്‍ ആവശ്യമുള്ളൂ.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും 35 വയസില്‍ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ 30 വയസാകുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തണം.
ഇതിനായി ഇന്ന് മിക്ക ആശുപത്രികളിലും വെല്‍നസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലെങ്കിലും പൊതുവായ ശാരീരികാരോഗ്യം വിലയിരുത്താന്‍ ഇത്തരം ക്ലിനിക്കുകള്‍ സഹായിക്കുന്നു.
വിവരങ്ങള്‍ നല്‍കിയത്:
ഡോ. പ്രവീണ്‍ ശ്രീകുമാര്‍
കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി
ആന്‍ഡ് കാര്ഡിയോഫിസിയോളജി
ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം