രഞ്ജിത്ത് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. ദിലീപ്, മംമ്ത മോഹൻദാസ്, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയവർ താരനിരയിൽ അണിനിരന്നു.
ത്രില്ലർ മൂഡിലുള്ള ചിത്രം ഇന്നും സിനിമാ ആസ്വാദകന് പ്രിയപ്പെട്ടതാണ്. പത്തിലധികം സിനിമകൾ സംവിധാനം ചെയ്തുവെങ്കിലും രഞ്ജിത് ശങ്കർ എന്നു പറയുമ്പോൾ ആദ്യ സിനിമാപ്രേമികൾ ഓർക്കുന്നത് പാസഞ്ചർ എന്ന സിനിമയെക്കുറിച്ചു തന്നെയാണ്.
രഞ്ജിത് ശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. സത്യനാഥൻ എന്ന ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയുടെ കേന്ദ്രകഥാപാത്രമാകുന്നത്.
മാറഞ്ചേരി എന്ന ഗ്രാമത്തെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നന്ദൻ എന്ന അഡ്വക്കേറ്റും ഭാര്യയും അകപ്പെടുന്ന ഊരാക്കുടുക്കൾ ആണ് സിനിമയുടെ ഇതിവൃത്തം. നന്ദനായി ദിലീപും അദ്ദേഹത്തിന്റെ ഭാര്യ അനുരാധയായി മംമ്ത മോഹൻദാസും വേഷമിട്ടിരിക്കുന്നു.
ജീവൻ പോലും അപഹരിക്കപ്പെടാവുന്ന അവസ്ഥയിൽ അവർക്കിടയിലേക്ക് രക്ഷകനെപ്പോലെ എത്തുന്ന സത്യനാഥൻ.
അവരെ രക്ഷിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങൾ തെരഞ്ഞെടുക്കുന്ന വഴികൾ എല്ലാം മികച്ച ഒരു ത്രില്ലർ രൂപത്തിലാക്കി ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട് രഞ്ജിത് ശങ്കർ.
സമൂഹത്തിൽ നന്മ ചെയ്യാൻ ആരുടേയും സഹായവും അത് ചെയ്ത് കഴിഞ്ഞാൽ ആരുടേയും അംഗീകാരവും ആവശ്യമില്ലായെന്ന് അടിവരയിടുകയാണ് സത്യനാഥൻ എന്ന കഥാപാത്രവും പാസഞ്ചർ എന്ന സിനിമയും.
പാസഞ്ചർ സിനിമയെ കുറിച്ച് ഇതുവരെ ആർക്കും അറിയാത്ത ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.
ഏറ്റവും പുതിയ ചിത്രം സണ്ണിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് പാസഞ്ചർ സിനിമയ്ക്കു പിന്നിലെ അറിയാ കഥകൾ സംവിധായകൻ വെളിപ്പെടുത്തിയത്.
പാസഞ്ചറിലേക്ക് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യം താൻ സമീപിച്ചത് മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമാണെന്നാണ് രഞ്ജിത് ശങ്കർ പറയുന്നത്.
ദിലീപ് ചെയ്ത നന്ദൻ എന്ന കഥാപാത്രം പൃഥ്വിക്ക് വേണ്ടിയും സത്യനാഥൻ എന്ന കഥാപാത്രം മമ്മൂട്ടിക്ക് വേണ്ടിയും ഉള്ളതായിരുന്നുവെന്നും പിന്നീട് പല കാരണങ്ങൾകൊണ്ട് ഇരുവർക്കും പാസഞ്ചറിന്റെ ഭാഗമാകാൻ കഴിയാതിരുന്നതിനാലാണ് ദിലീപ്, ശ്രീനിവാസൻ എന്നിവരെ സമീപിച്ചതെന്നും രഞ്ജിത്ത് പറയുന്നു. -പിജി