കണ്ണൂർ: മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. വാരം ചതുരക്കിണർ സ്വദേശി ആയിഷ(75) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഉറങ്ങികിടക്കുകയായിരുന്ന ആയിഷയെ അക്രമിച്ച് മോഷ്ടാവ് കമ്മൽ കവരുകയായിരുന്നു. അക്രമത്തിൽ ആയിഷയുടെ ഇരു ചെവികളും മുറിയുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു.
കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കവർച്ചയ്ക്കിടെ മോഷ്ടാവുമായുള്ള ചെറുത്തു നിൽപിനിടെയാണ് ആയിഷയ്ക്ക് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ആയിഷയെ ആദ്യം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചതുരക്കിണറിൽ ആയിഷ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തെക്കുറിച്ച് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.