കൊച്ചി: പുരാവസ്തുതട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മോന്‍സന്റെ വീട്ടിലും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധനകൾ പുരോഗമിക്കുകയാണ്. പരാതിക്കാരില്‍നിന്നു വിശദമായ മൊഴിയെടുത്തും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം.
മോന്‍സന്റെ സഹായികളുടെ മൊഴിയുമെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നാണ് സൂചന. അതേസമയം, നിരവധിപ്പേര്‍ മോന്‍സനെതിരേ മൊഴി നല്കാൻ സ്വമേധയാ എത്തുന്നുണ്ട്.
കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ശില്പികളെക്കൊണ്ടും മറ്റും പണിയിക്കുകയും ചെയ്ത സാധനങ്ങള്‍ നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളാണെന്നു ധരിപ്പിച്ചായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
മോന്സൻ ശേഖരിച്ച പുരാവസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ആര്‍ക്കിയോളജി വകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇവയുടെ യഥാര്‍ഥ പഴക്കവും വിലയും തിട്ടപ്പെടുത്താനാണിത്.
മോന്‍സന്റെ കലൂരിലെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെയും പരിശോധനകള്‍ നടന്നു. വിവിധ സംഘടനകളുടെ പദവികള്‍ വഹിക്കുന്നുവെന്നു വ്യക്തമാക്കി വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അഴിച്ചുമാറ്റി.
ക്രൈംബ്രാഞ്ചിനു പുറമെ കസ്റ്റംസ്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെയെത്തി പരിശോധനകള്‍ നടത്തി.
കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ രണ്ട് ആനക്കൊമ്പും നിരവധി ശംഖുകളും കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പുകള്‍ വ്യാജമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
വിശദപരിശോധനയ്ക്കായി ഇവ ലാബിലേക്ക് കൈമാറും. ഫലം വന്നതിനുശേഷം തുടര്‍നടപടി സ്വീകരിക്കും. യഥാര്‍ഥ ആനക്കൊമ്പാണെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തി മോൻസനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.