ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന് ഇന്നു നഷ്ടങ്ങളുടെ ദിനം. ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ രൂപീന്ദർ പാൽ സിംഗും ബീരേന്ദ്ര ലാക്റയും രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ചു.
ഇന്നലെയാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചത്. 13 വർഷം നീണ്ട കരിയറിൽ 223 മത്സരങ്ങൾ കളിച്ച രൂപീന്ദർ മികച്ചൊരു ഡ്രാഗ് ഫ്ളിക്കറാണ്. 119 ഗോളുകൾ നേടിയിട്ടുണ്ട്.
ടോക്കിയോ ഒളിന്പിക്സിൽ മൂന്നു ഗോളുകൾ നേടി. അതിൽ ജർമനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിൽ നേടിയ പെനൽറ്റി ഗോൾ നിർണായകമായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും രൂപീന്ദർ അംഗമായിരുന്നു
ഇന്ത്യയുടെ പ്രതിരോധ താരം ബീരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു. ലാക്ര ഇന്ത്യയുടെ മുൻ വൈസ് ക്യാപ്റ്റൻകൂടിയാണ്.
2012-ലെ ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ സെമി ഫൈനൽ വരെ എത്തിച്ചതിൽ ലാക്രയ്ക്കു നിർണായക പങ്കുണ്ട്. ഇന്ത്യക്കുവേണ്ടി 201 മത്സരങ്ങൾ കളിച്ച ലാക്ര പത്തുഗോളുകൾ നേടി. 11 വർഷം നീണ്ട കരിയറാണു താരം അവസാനിപ്പിക്കുന്നത്.