കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ട രോഗിയുടെ ദുരിതാവസ്ഥയറിഞ്ഞു വൃക്ക ദാനം ചെയ്യാന്‍ തയാറായ സ്ത്രീ നിര്‍ധന കുടുബാംഗമാണെന്ന കാരണത്താല്‍ അനുമതി നിഷേധിച്ച ജില്ലാതല ഓഥറൈസേഷന് സമിതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
പാവപ്പെട്ടവര്‍ അവയവങ്ങള്‍ ദാനം ചെയ്യരുതെന്ന് നിയമമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. അപേക്ഷ പുനഃപരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൃക്കദാതാവും രോഗിയും നിര്‍ധന കുടുംബാംഗങ്ങളാണെന്ന് കോടതി വ്യക്തമാക്കി. പണമില്ലാത്തവര്‍ അവയവദാനം നടത്തരുതെന്ന് നിയമമില്ല. പാവപ്പെട്ടവരാണെന്നത് ഒരു കുറ്റമല്ല. നമ്മുടെ നാട്ടില്‍ വിശാലമനസുള്ള ഒരുപാടു പേരുണ്ട്.
അവര്‍ക്ക് ഇത്തരക്കാരെ സഹായിക്കാന്‍ കഴിയും. അങ്ങനെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാകുന്നത്. വൃക്കദാതാവ് താമസിക്കുന്ന മേഖലയില്‍ വൃക്കദാനം ചെയ്ത നിരവധി പേരുണ്ടെന്നതും അപേക്ഷ നിരസിക്കാന്‍ കാരണമല്ല – ഉത്തരവ് പറയുന്നു.
വൃക്കദാനത്തിനു തൃശൂരിലെ ജില്ലാതല ഓഥറൈസേഷന് സമിതി അനുമതി നിഷേധിച്ചതിനെതിരേ വൃക്കരോഗിയായ കൊണ്ടോട്ടി സ്വദേശിനി പി. റീജയും വൃക്ക ദാനംചെയ്യാന് തയാറായ പാലക്കാട് ചിറ്റൂര്‍ സ്വദേശിനി സരസ്വതിയും നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.