സ്വന്തംലേഖകന്‍
കോഴിക്കോട് : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിനു നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കോള്‍ ഡീറ്റൈയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍) കസ്റ്റംസ് ശേഖരിച്ചിരുന്നു.
കേന്ദ്രത്തിൽ വരെ പിടി!
ഈ സിഡിആറില്‍ അക്കാലത്ത് മോന്സന് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ വരെ തനിക്കു സ്വാധീനമുണ്ടെന്ന് മോന്സന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സ്വര്‍ണക്കടത്തിനെക്കുറിച്ചും നയതന്ത്ര കേസിലെ പ്രതി സ്വപ്നസുരേഷുമായുള്ള ബന്ധത്തിനെക്കുറിച്ചും പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
അതേസമയം, പ്രതികളുമായി മോന്സന് ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചാല്‍ സ്വര്‍ണക്കടത്ത് വീണ്ടും ചര്‍ച്ചയായി മാറും.
നയതന്ത്ര ബാഗേജ്വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ സ്വപ്ന ഒളിവില്‍ പോയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മോൻസൺ സഹായിച്ചോ?
ബംഗളൂരുവില്‍ വച്ചാണ് പിന്നീട് എന്‍ഐഎ സംഘം സ്വപ്നയെ പിടികൂടിയത്. പോലീസിന്റെ സഹായത്തോടെയാണ് സ്വപ്ന കേരളം വിട്ടതെന്ന് അന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
ഉന്നത പോലീസുദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും അടുപ്പമുള്ള മോന്സന്, സ്വപ്നയെ സൗഹൃദ വലയത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കേന്ദ്രഏജന്‍സികള്‍ തള്ളുന്നില്ല.
ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ബന്ധമുപയോഗിച്ചു സ്വപ്ന രക്ഷപ്പെട്ടെന്ന സംശയം ബലപ്പെടുന്നത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കസ്റ്റംസ് സിഡിആര്‍ പരിശോധിക്കുന്നത്.