കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മോന്‍സന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കു കൂടി നീട്ടിക്കിട്ടിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്കു കൂട്ടുനിന്നവർ ആരൊക്കെയാണ് എന്നും അന്വേഷിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. മോന്‍സനു പിന്നില്‍ ആളുകളുണ്ടെന്നു തന്നെയാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം.
വ്യാജ ഡോക്ടർ ആണോ?
മോന്‍സനെ ചോദ്യം ചെയ്യുന്നത് ഇന്ന് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്കുന്ന സൂചന. നിലവില്‍ മോന്‍സനെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ മോന്സന് മാത്രമാണ് പ്രതിയായിട്ടുള്ളത്. 2016ല്‍ ഇയാള്‍ തുടങ്ങിയ തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ മോന്സന് വ്യാജ ഡോക്ടര്‍ ആണോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
നിലവില്‍ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് അത്തരത്തില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
ആഡംബരക്കാറുകളുംവ്യാജം
മോന്‍സന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ വ്യാജമെന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഫെറാറെ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇയാള്‍ രൂപമാറ്റം വരുത്തിയിരിക്കുകയാണ്.
മധ്യപ്രദേശ് രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും സംശയത്തിന്റെ നിഴലിലാണ്. വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റിലും ലഭ്യമല്ല.
എട്ടു വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് മോന്‍സന്റെ പേരുലുള്ളുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ
കുറഞ്ഞ വിലയ്ക്ക് ഇയാള്‍ വാഹനങ്ങള്‍ വാങ്ങി രൂപമാറ്റം വരുത്തിയിരിക്കുകയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. വീട്ടില്‍ വരുന്നവരെ താന്‍ സമ്പന്നനാണെന്ന് ധരിപ്പിക്കാനായി ഇയാള്‍ ബോധപൂര്‍വം വാഹനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇതില്‍ പലതും പ്രവര്ത്തിപ്പിക്കാറില്ലായിരുന്നുവെന്നാണ് മോന്സന് നല്കിയ മൊഴി. വാഹനങ്ങള്‍ എവിടെനിന്ന് ഇയാള്‍ കൊണ്ടുവന്നുവെന്നതിനെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നും പരിശോധന നടക്കുന്നുണ്ട്.
പല വാഹനങ്ങളുടെയും താക്കോല്‍ വീട്ടില്‍ ഇല്ല. അതിനാല്‍ത്തന്നെ അത് തുറന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. പരാതിക്കാരായ അനൂബിനും യാക്കോബിനും വാഹനങ്ങള്‍ നല്‍കിയെന്ന മോന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഇതോടൊപ്പംതന്നെ മോന്‍സനും പരാതിക്കാരും തമ്മിലുള്ള കൊച്ചിയിലെ കൂടിക്കാഴ്ചയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. താന്‍ ധനികനാണെന്നു പരാതിക്കാരെ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വീഡിയോയിലുള്ളത്.