തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ വ്യാപകമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് അടുത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകാനാണ് സാധ്യത.
അതേസമയം, ബംഗാൾ ഉൾക്കടലിൽ നിന്നു ന്യൂനമർദ്ദമായി അറബിക്കടലിൽ എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമർദമായി മാറിയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വരും മണിക്കൂറുകൾക്കുള്ളിൽ ഇത് ഷഹീൻ ചുഴലിക്കാറ്റായി മാറും. അതിനാൽ, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ശക്തമായ ഇടിമിന്നൽ ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.