ഏറ്റുമാനൂർ: റോഡരികിൽ ഉപേക്ഷിക്കപ്പെട്ട യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം വ്യക്തമാകും.അതിരന്പുഴ സൃഷ്ടി ജംഗ്ഷനു സമീപം പുത്തൻപറന്പിൽ രവിയുടെ മകൻ ആർ. ബിനു മോനെ (36) ആണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിനുവിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന പൊൻകുന്നം സ്വദേശിയും ബിനുവിന്റെ ബന്ധുവുമായ നൗഫലിനെ(രാജേഷ്) പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു.
ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ഫോർ ജി മൊബൈൽസിന്റെ മുന്നിൽ ബുധനാഴ്ച രാത്രി 12.07 നാണ് അപകടമുണ്ടായത്. ഫുട്പാത്തിന്റെ തിട്ടയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സമീപത്തുനിന്നും ആളുകൾ ഓടിയെത്തി ഓട്ടോറിക്ഷ നിവർത്തുകയും ബിനുവിനെ ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടത്തുകയും ചെയ്തു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കിടന്ന് ബിനു അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഓടിക്കൂടിയവരെല്ലാം മടങ്ങി. കുറേ സമയത്തിനുശേഷം ബിനുവിനെ നൗഫൽ താങ്ങിയെടുത്ത് നടപ്പാതയിൽ കിടത്തി.
നടപ്പാതയിൽ തന്നെ ഇരുന്ന നൗഫൽ മൂന്നോടെ ബിനുവിനെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി കടന്നു കളയുകയായിരുന്നു. രാവിലെ ബിനു അനക്കമില്ലാതെ കിടക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. ഏറ്റുമാനൂർ പോലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം ഫയർഫോഴ്സിന്റെ ആംബുലൻസിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു.
പോലീസിന്റെ കണ്വെട്ടത്ത്
ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് അന്പതു മീറ്ററിനകത്ത് നടന്ന സംഭവം പോലീസ് അറിഞ്ഞില്ല എന്നത് ചോദ്യങ്ങളുയർത്തുന്നു. ഇന്നലെ രാവിലെ അനക്കമില്ലാതെ യുവാവ് കിടക്കുന്നതു കണ്ട നാട്ടുകാരാണ് പോലീസിൽ വിവിരം അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സിന്റെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും യുവാവ് മരിച്ചിരുന്നു.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
പട്ടിത്താനത്തെ ബന്ധുവീട്ടിൽ രാത്രി ഇരുവരും എത്തിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ബിനു അപസ്മാര രോഗിയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ഇതാണോ അപകടത്തെ തുടർന്നുള്ള ആന്തരിക പരിക്കുകളാണോ മരണകാരണമെന്നതിൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തതയുണ്ടാക്കുകയുള്ളൂവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. മനോജ് കുമാർ പറഞ്ഞു.
തങ്ങൾ മദ്യപിച്ചിരുന്നതായും ബിനുവാണ് വാഹനം ഓടിച്ചതെന്നും മഴയിൽ വണ്ടി തെന്നി മറിഞ്ഞെന്നുമാണ് നൗഫലിന്റെ മൊഴി. അമിതമായി മദ്യപിച്ചിരുന്നതിനാൽ പലതവണ ബിനു ദേഷ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് വഴിയിൽ ഉപേക്ഷിച്ച് പോയതെന്നും നൗഫലിന്റെ മൊഴിയിൽ പറയുന്നു.ഇപ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അപകടത്തിലേറ്റ പരിക്കാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞാൽ നൗഫലിനെതിരെ കേസെടുക്കും.
പരേതനായ രവിയാണ് ബിനുമോന്റെ അച്ഛൻ. മാതാവ് വിജി. സഹോദരി ചിന്നു.