അമ്പലപ്പുഴ: സിപിഎം ബ്രാഞ്ച് മെംബറെ കാണാതായതിനെത്തുടർന്ന് ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചു.
ഇന്നലെ നടത്താനിരുന്ന സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് കമ്മിറ്റിയംഗം തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവിനെ കാണാതായതിനെത്തുടർന്ന് മാറ്റി വച്ചത്.
ഓട്ടോയിലിറങ്ങിയ സജീവ്…
ബുധനാഴ്ച ഉച്ചക്കു ശേഷമാണ് മത്സ്യത്തൊഴിലാളി കുടിയായ സജീവിനെ കാണാതായത്. ഉച്ചക്ക് ഒന്നോടെ ഇദ്ദേഹം പുറക്കാട് പുത്തൻ നടയിൽ ഓട്ടോറിക്ഷയിലിറങ്ങുന്നത് നാട്ടുകാർ കണ്ടിരുന്നു.
ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. വിഭാഗീയത ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു കേന്ദ്രമാണ് തോട്ടപ്പള്ളി.
സുധാകര പക്ഷത്തോട് അടുത്തു നിൽക്കുന്ന ലോക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചത്.
ആ രഹസ്യം!
കാണാതായ സജീവ് വി.എസ്.പക്ഷക്കാരനാണ്. വി.എസ്.പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഇവിടെ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ സമ്മേളന നടപടികൾ ആരംഭിക്കാനിരിക്കെ കാണാതായത് വിഭാഗീയതക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്.
പുതുതായി രുപം കൊണ്ട ഗ്രൂപ്പിലേക്ക് സജീവിനെ ക്ഷണിച്ചിരുന്നു.ഇതിന്റെ ഭാഗമായി രണ്ട് നേതാക്കൾ രണ്ട് ദിവസം മുൻപ് സജീവിന്റെ വീട്ടിലെത്തി രണ്ട് മണിക്കൂർ രഹസ്യചർച്ച നടത്തിയിരുന്നു.
കേസെടുത്തു
ഇന്നലെ നടക്കേണ്ടിയിരുന്ന സമ്മേളനത്തിൽ പങ്കെടുപ്പിക്കാതിരിക്കാനായി സജീവിനെ മാറ്റി നിർത്തിയതാകാമെന്നും സൂചനയുണ്ട്.
സജീവിനെ കാണാതായതിനെക്കുറിച്ച് ഭാര്യ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.