ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് -19 പ്രതിരോധ കുത്തിവയ്പിനായുള്ള കോവിൻ പോർട്ടലിൽ ആധാർ വിശദാംശങ്ങൾ നിർബന്ധമായും സമർപ്പിക്കണമെന്നത് ഒഴിവാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിനും യുഐഡിഎഐക്കും സുപ്രീംകോടതി നോട്ടീസ്.
ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക മന്ത്രാലയം, യുഐഡിഎഐ എന്നിവരോടു ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡും ബി.വി. നാഗരത്തനയും ഉൾപ്പെട്ട ബെഞ്ച് പ്രതികരണം തേടി.
വാക്സിൻ എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തോടു നിർദേശിക്കണമെന്ന ഹർജിയിൽ ആവശ്യപ്പെട്ടു.
കോവിഡ് -19 വാക്സിൻ എടുക്കുന്നതിന് ആധാർ കാർഡ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കണം.
പൗരന് ഇഷ്ടമുള്ള മറ്റു തിരിച്ചറിയൽ കാർഡുകളും സ്വീകരിച്ചു കുത്തിവയ്പ് നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു.
പൂനയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ സിദ്ധാർഥ ശങ്കർ ശർമയാണു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.
ആധാർ അടക്കം ഏഴു നിർദിഷ്ട ഫോട്ടോ ഐഡി കാർഡുകൾ വാക്സിൻ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നുണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനമെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, കടലാസിൽ ഉള്ളതുപോലെയല്ല കാര്യങ്ങളെന്നും വാക്സിൻ കേന്ദ്രങ്ങളിൽ ആധാർ നിർബന്ധമായി ചോദിക്കുകയാണെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മായങ്ക് ഷിർസാഗർ പറഞ്ഞു.
സാധാരണക്കാരും പാവങ്ങളും ഇതിന്റെ പേരിൽ കഷ്ടപ്പെടുന്നുണ്ടെന്ന വാദത്തെ തുടർന്നാണു സർക്കാരിന്റെ വിശദീകരണം തേടാൻ നോട്ടീസ് അയച്ചത്.