കിഴക്കമ്പലം: കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിനും പോലീസുകാർക്കും മോൻസൻ മാവുങ്കൽ മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
എംഎൽഎയും പോലീസുകാരും ഉൾപ്പെടെയുള്ളവർ മോൻസന്റെ വാക്കുകൾ ഏറ്റു ചൊല്ലുന്നതും വീഡിയോയിലുണ്ട്.
വീഡിയോ പുറത്തുവന്നതോടെ “പോലീസിനെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്ന കള്ളൻ’ എന്നു തുടങ്ങിയ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
2019 ൽ താൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ എറണാകുളത്ത് നടന്ന സ്വകാര്യ ഹോക്കി ടൂർണമെന്റിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നു പി.വി. ശ്രീനിജിൻ പറഞ്ഞു.
തന്നെ അതിഥിയായാണ് സംഘാടകർ ചടങ്ങിലേക്കു ക്ഷണിച്ചത്. സംഘാടകർതന്നെയാവാം മോൻസനെ ക്ഷണിച്ചതെന്നും എംഎൽഎ പറഞ്ഞു.
മോന്സന് തട്ടിപ്പുകാരനെന്ന് അറിഞ്ഞിരുന്നില്ല: നടന് ശ്രീനിവാസന്
കൊച്ചി: മോന്സന് മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നു നടന് ശ്രീനിവാസന്. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനുമായി പരിചയപ്പെട്ടത്.
ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കി തന്നത് മോന്സന് ആയിരുന്നു.
അവിടെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിടുംനേരം താനറിയാതെ ബില്ല് മോന്സന് തന്നെ അടച്ചു. പിന്നീടൊരിക്കലും അയാളെ കണ്ടുമുട്ടിയിട്ടില്ലെന്നു ശ്രീനിവാസന് കൊച്ചിയില്‍ പറഞ്ഞു.
മോന്‍സനെതിരേ പരാതി നല്കിയവരില് രണ്ടുപേര്‍ തട്ടിപ്പുകാരാണ്. അവരെ തനിക്ക് നേരിട്ട് അറിയാം. അതില്‍ ഒരാള്‍ സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്ത ആളാണ്.
പണത്തോട് അത്യാര്‍ത്തിയുള്ളവരാണ് മോന്സന് പണം നല്‍കിയത്. സിനിമയെടുക്കാന്‍ തന്റെ സുഹൃത്തിന് പലിശയില്ലാതെ ഇയാള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ശ്രീനിവാസന് വ്യക്തമാക്കി.
മോന്‍സനെ സഹായിച്ചവരും കുടുങ്ങും
കൊച്ചി: മോന്സന് മാവുങ്കലിന് വ്യാജബാങ്ക് അക്കൗണ്ട് നിര്‍മിക്കാനും പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്താനും സഹായിച്ചവർ കുടുങ്ങും.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് നിലവിൽ കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ വലിയ തോതിലുള്ള തട്ടിപ്പ് നടത്തുന്നതിന് ഇയാള്‍ക്ക് പലരില്‍നിന്നും സഹായം ലഭിച്ചതായി പോലീസ് സംശയിക്കുന്നു.
വേറെ ആളുകളുടെ അക്കൗണ്ടുകള്‍ മുഖേനയാണ് മോൻസൻ പണത്തിന്റെ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
മോന്സന് വ്യാജ ഡോക്ടര്‍ ആണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിലവില്‍ മോന്‍സനെതിരേ ക്രൈംബ്രാഞ്ച് നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മറ്റൊന്ന് കൊച്ചിസിറ്റി പോലീസും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോന്‍സനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.