കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തിൽ ആഴത്തിലും വീതിയിലുമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം.
രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ച രാലിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിതിനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് തുറുവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്കരിച്ചു.
അതേസമയം, നിതിനയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നാണ് പോലീസ് നിഗമനം.
നിതിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയിൽനിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ കടയിൽ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും.
പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
ഇതിനിടെ പെൺകുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങി.