ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ നടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ.
എബിയിലൂടെ വെള്ളിത്തിരയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്കു സമ്മാനിച്ച മെറീനയുടെ വിശേഷങ്ങളിലേക്ക്…
സിനിമയിലേക്കുള്ള അരങ്ങേറ്റം
ഞാൻ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്പോൾ മിസ് മലബാർ എന്ന ഷോയിൽ പങ്കെടുത്ത് ആദ്യ ആറുപേരിൽ ഒരാളായി.
തുടർന്നാണ് പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. അതുവഴി സിനിമയിലേക്കും എത്തി.
കാമറയ്ക്കു മുന്നിൽ
ആദ്യമായി കാമറയെ അഭിമുഖീകരിച്ചപ്പോൾ അത്രയധികം ടെൻഷനൊന്നും ഇല്ലായിരുന്നു.
കാരണം മോഡലിംഗ് സമയത്ത് കാമറയ്ക്കു മുന്നിലെത്തിയതാണ്. സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയുടെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലാണ് ആദ്യമായി അഭിനയിച്ചത്.
ബാലാജി മോഹൻ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവർ ഉൾപ്പെടുന്ന വലിയൊരു ക്രൂ ആയിരുന്നു അത്.
വലിയൊരു തമിഴ് ക്രൂവിനൊപ്പം അഭിനയിക്കുന്നുവെന്ന ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കുഴപ്പമൊന്നും ഇല്ലായിരുന്നു.
ഈസിയായി കഥാപാത്രത്തിലേക്ക് എത്താൻ കഴിഞ്ഞു. എബി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.
എബിയിലെ അനുമോൾ വർഗീസ്
എബിയിൽ വിനീത് ശ്രീനിവാസൻ ആയിരുന്നു നായകൻ. നായകന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകുന്ന നായികയായിരുന്നു അനുമോൾ.
സിനിമ തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുന്‍പേ സംവിധായകൻ ശ്രീകാന്ത് മുരളി ഇനി ത്രെഡ് പോലും ചെയ്യരുതെന്ന് എന്നോടു പറഞ്ഞിരുന്നു. മേക് അപ് ഇല്ലാതെയാണ് ഞാൻ എബിയിലെ നായികയായത്.
ഒരുപിടി ചിത്രങ്ങൾ
മുംബൈ ടാക്സി, അമർ അക്ബർ ആന്റണി, ഹാപ്പി വെഡിംഗ്, അംഗരാജ്യത്തെ ജിമ്മന്മാർ, കുന്പാരീസ്, വട്ടമേശ സമ്മേളനം, നാൻ പെറ്റ മകൻ, ഒരു കരീബിയൻ ഉഡായിപ്പ് തുടങ്ങി ഒരുപിടി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു.
ലോക്ഡൗണ്‍ കാലം
ലോക്ഡൗണ്‍ നാളുകളിൽ ഓണ്‍ലൈൻ പ്രമോഷൻ വർക്കിലാണ് കൂടുതൽ ശ്രദ്ധിച്ചത്. അതിലൂടെ എന്നെത്തന്നെ പാകപ്പെടുത്താൻ കഴിഞ്ഞു. ചില പരസ്യചിത്രങ്ങളൊക്കെ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ബ്രാൻഡ് ചെയ്തു.
നന്നായി വർക്ക് ഔട്ട് ചെയ്തു. എട്ടു കിലോ തൂക്കം കുറച്ചു. പിന്നെ ധാരാളം സിനിമകൾ കണ്ടു. മലയാളത്തോടൊപ്പം ഇംഗ്ലീഷ്, കൊറിയൻ, ടർക്കിഷ് സിനിമകളും കണ്ടു.
കഥാപാത്രത്തിലേക്ക് എത്താൻ
ഒരു കഥാപാത്രം കിട്ടിയാൽ അതിന്റെ ഭാഷാ ശൈലി, മാനറിസം ഇതിലൊക്കെ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട്.
ചില കഥാപാത്രങ്ങൾക്കായി കണ്ണട വയ്ക്കും, ചിലതിൽ മുടി സ്ട്രെയിറ്റ് ചെയ്യും. നാടൻ കഥാപാത്രമാണെങ്കിൽ നടത്തവും സംസാരവുമൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഞാനുമായി ഇടപഴകുന്ന ആളുകളുടെ മാനറിസം ആ കഥാപാത്രത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കും.
പിന്നെ ആ കഥാപാത്രത്തിന്റെ സമാനരീതിയിലുള്ള വേഷങ്ങൾ മുന്‍പ് ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ രീതിയിൽ ആക്കാനും ശ്രമിക്കും.
വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ സന്തോഷവതിയാണ്. എന്നെക്കൊണ്ട് പറ്റുന്ന തരത്തിൽ അത് മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
പ്രിയം കോഴിക്കോടൻ ചിക്കൻ ബിരിയാണിയോട്
എന്റെ നാടായ കോഴിക്കോട് വെറൈറ്റിയായ ഭക്ഷണപദാർഥങ്ങളുള്ള സ്ഥലമാണ്. നല്ലപോലെ നെയ്യൊക്കെ ഇട്ട് പാകം ചെയ്ത കോഴിക്കോടൻ ചിക്കൻ ബിരിയാണി കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ.
പാചകം ചെയ്യും
കൊച്ചിയിൽ തനിച്ചാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ പാചകം ചെയ്യാറുണ്ട്. ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെങ്കിൽ മാത്രം ഭക്ഷണം പുറത്തുനിന്നു വാങ്ങും.
ഞാൻ വെജും നോണ്‍വെജ് വിഭവങ്ങളും ഉണ്ടാക്കും. വെറൈറ്റി ചിക്കൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. ബീഫ് വയ്ക്കും, പച്ചക്കറികളൊക്കെ ഉണ്ടാക്കും. മീൻ വച്ചാൽ ശരിയാവാത്തതുകൊണ്ട് അത് ചെയ്യാറില്ല.
പുതിയ ചിത്രങ്ങൾ
ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പിടികിട്ടാപ്പുള്ളി, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സുജിത്ത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട്, അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പദ്മ, കൃഷ്ണജിത്ത് എസ്. വിജയന്റെ രണ്ടാം പകുതി, അർജുൻ അശോകൻ നായകനാകുന്ന മെംബർ രമേശൻ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
സീമ മോഹൻലാൽ