കഴിഞ്ഞമാസം 15ന് മുംബൈയിൽനിന്നു ചെന്നൈയിലേക്കു പറന്ന എയർ ഇന്ത്യയുടെ എ 321 വിമാനത്തിൽ ഒരു അപ്രതീക്ഷിത അതിഥിയുണ്ടായിരുന്നു.
അവളുടെ സുഗമമായ യാത്രയ്ക്കായി ഒന്നും രണ്ടും സീറ്റല്ല ബിസിനസ് ക്ലാസിൽ പിൻനിരയിലെ 12 സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.
പറഞ്ഞുവരുന്നത് ഏതെങ്കിലുമൊരു സിനിമാതാരത്തെക്കുറിച്ചോ രാഷ്്ട്രീയനേതാവിനെക്കുറിച്ചോ അല്ല. കേവലം ഒരു വളർത്തുനായയുടെ രാജകീയ ആകാശയാത്രയെക്കുറിച്ചാണ്.
രാവിലെ 11.30 നാണ് വിവിഐപിയായി ‘ബെല്ല’ എന്ന മൾട്ടീസ് ഇനം വളർത്തുനായ യജമാനത്തിക്കൊപ്പം സീറ്റിലിരുന്നു യാത്ര ചെയ്തത്.
മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ ബെല്ലയെ ചെന്നൈയിലെത്തിക്കാനാണ് ഉടമ രണ്ടു ലക്ഷത്തോളം രൂപ മുടക്കി ഫ്ലൈറ്റിലെ ഒരു ഡസൻ സീറ്റുകൾ കാലിയാക്കി ഇത്തരത്തിലൊരു യാത്ര നടത്തിയത്.
നായയ്ക്കുവേണ്ടി രണ്ടര ലക്ഷത്തോളം രൂപ ചെലവുചെയ്ത യജമാനത്തിയുടെ പേരുവിവരം എയർ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.
മുംബൈ- ചെന്നൈ റൂട്ടിൽ 20,000 രൂപയായിരുന്നു ആ ദിവസത്തെ ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക്. പന്ത്രണ്ടു സീറ്റുകൾക്കായി 2.4 ലക്ഷം രൂപയാണ് നായ്ക്കൊപ്പമുള്ള യാത്രയ്ക്കായി ഇവർ മുടക്കിയത്. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപവരെ വിലയുള്ള നായ്ക്കളാണ് മൾട്ടീസ്.
വളർത്തുമൃഗങ്ങളോടുള്ള താത്പര്യം അനുദിനം വർധിച്ചുവരുന്ന ഇക്കാലത്ത് വിലയുടെ ഇരട്ടിയിലേറെ തുക ഓമനമൃഗത്തെ ഉപേക്ഷിക്കാൻ മടിയില്ലാത്ത സാഹചര്യത്തിൽ ചെലവഴിക്കാൻ ഉടമ തയാറാകുന്നു.
പുതിയ ജനുസിൽപ്പെട്ട വളർത്തുമൃഗങ്ങളെ എത്ര പണം കൊടുത്തും സ്വന്തമാക്കുകയെന്നത് പലർക്കും ഇന്നൊരു ഹരമായി മാറിയിട്ടുണ്ട്.
യാത്രകളിൽ ഇവയെ വാഹനത്തിൽ ഒപ്പംകൂട്ടുന്നു. മുൻപു പാശ്ചാത്യനാടുകളിലാണ് ഈ പ്രവണതയെങ്കിൽ ഇപ്പോൾ നമ്മുടെ നാട്ടിലും പതിവായിരിക്കുന്നു.
അനുമതി എയർ ഇന്ത്യയിൽ മാത്രം
ഇന്ത്യയിൽ യാത്രക്കാർക്കൊപ്പം വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ നിലവിൽ അനുമതിയുള്ളത് എയർ ഇന്ത്യ ഫ്ളൈറ്റുകളിൽ മാത്രമാണ്.
അതാവട്ടെ ആഭ്യന്തര സർവീസുകളിൽ മാത്രം. മുന്പ് സ്പൈസ് ജെറ്റിൽ അനുമതിയുണ്ടായിരുന്നെങ്കിലും യാത്രക്കാരിൽനിന്നു പരാതി ഉയർന്നതിനെത്തുടർന്ന് അവർ അനുമതി പിൻവലിക്കുകയായിരുന്നു.
എന്നാൽ കേസന്വേഷണ വിഭാഗത്തിലും സൈനിക സേവനത്തിലുമുള്ള സർവീസ് നായ്ക്കൾക്ക് വിവിധ വിമാനക്കന്പനികൾ സൗജന്യ യാത്രാനുമതി നൽകാറുണ്ട്.
ലോകത്തിലെ മിക്ക വിമാനക്കന്പനികളും നിബന്ധനകളോടെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുവദിക്കാറുണ്ട്.
ഏറ്റവും വലിയ വിമാനക്കന്പനികളിലൊന്നായ അമേരിക്കൻ എയർലൈൻസാണ് ഏറ്റവും മികച്ച ‘പെറ്റ് സൗഹൃദ’ വിമാനക്കന്പനിയായി അറിയപ്പെടുന്നത്.
ഹ്രസ്വദൂര വിമാനങ്ങളിൽ കാബിനുള്ളിൽ യാത്രക്കാരന്റെ സീറ്റിനുതാഴെ മൃഗങ്ങളെ കൊണ്ടുപോകാൻ അനുവദിക്കും. എന്നാൽ, ദീർഘദൂര വിമാനങ്ങളിൽ കാർഗോയിലൂടെ മാത്രമേ ഇവയെ കൊണ്ടുപോകാനാകൂ.
കാർഗോയിൽ പ്രത്യേക സജ്ജീകരണംതന്നെ ഇവയുടെ സുരക്ഷിതയാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്. ജെറ്റ് ബ്ല്യൂ, എയർ കാനഡ, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, എയർ ഫ്രാൻസ്, സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ഫ്രോണ്ടിയർ എയർലൈൻസ്, ലുഫ്താൻസ എയർലൈൻസ് തുടങ്ങിയ വിമാനക്കന്പനികളും ‘പെറ്റ് സൗഹൃദ’മായി അറിയപ്പെടുന്നു.
നിബന്ധനകൾ വ്യത്യസ്തം
ഓരോ വിമാന കന്പനിയും നിഷ്കർഷിക്കുന്ന നിബന്ധനകൾക്കു വിധേയമായി മാത്രമേ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനാകൂ.
ചില കന്പനികളാകട്ടെ നിബന്ധന പൈലറ്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വ്യക്തമായ ആരോഗ്യ സർട്ടിഫിക്കറ്റും പേവിഷബാധമുക്ത സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിർദേശം.
നിശ്ചിത ആകൃതിയിലുള്ള മൃദുവായ വെന്റിലേറ്റഡ് ബാഗുകളിലോ കൂടുകളിലോ വേണം മൃഗങ്ങളെ ഒപ്പം കരുതേണ്ടത്. വിമാനത്തിലെ കാബിനിലാണ് യാത്രയെങ്കിൽ കൂട് അടക്കം വളർത്തുമൃഗത്തിന് അഞ്ചുകിലോയിൽ കൂടുതൽ തൂക്കം പാടില്ല. നായ്ക്കൾക്കും പൂച്ചകൾക്കും ചുരുങ്ങിയത് രണ്ടു മാസമെങ്കിലും പ്രായമുണ്ടായിരിക്കണം. ഗർഭിണികളായ വളർത്തുമൃഗങ്ങളെ യാത്രയ്ക്ക് അനുവദിക്കില്ല.
ഒരു യാത്രക്കാരനൊപ്പം പരമാവധി രണ്ടു വളർത്തുമൃഗങ്ങളെ മാത്രമേ അനുവദിക്കൂ. മൃഗത്തിന്റെയും യാത്രക്കാരനായ യജമാനന്റെയും സീറ്റ് വിമാനത്തിന്റെ ഏറ്റവും പിന്നിലെ നിരയിലായിരിക്കും.
വളർത്തുമൃഗത്തിന്റെ പേരെഴുതിയ ലേബൽ കൂടിനു പുറത്ത് പതിച്ചിരിക്കും. വളർത്തുമൃഗങ്ങൾക്ക് പാസഞ്ചർ സീറ്റ് അനുവദിക്കില്ല.
കൂടാതെ ബാഗേജുകൾക്കൊപ്പമോ കാർഗോ മുഖേനയോ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാം. ഇതിന് അധികചാർജ് ഈടാക്കും.
പ്രത്യേക സാഹചര്യങ്ങളിൽ ചില വിമാനക്കന്പനികൾ യാത്രക്കാർക്കൊപ്പം നായ്ക്കളെ സൗജന്യമായി അനുഗമിക്കാൻ അനുവദിക്കാറുണ്ട്.
യാത്രക്കാരന്റെ ഏക ആശ്രയം നായയാണെന്നു വ്യക്തമായാലും കാഴ്ചശക്തിയില്ലാത്ത യാത്രക്കാരനാണെങ്കിൽ വഴികാട്ടിയായി നായ മാത്രമേ ഉള്ളൂവെന്ന് വ്യക്തമായാലും സൗജന്യയാത്രയ്ക്ക് അനുമതി നൽകും.
കോവിഡ് സുവർണ കാലം
വർഷങ്ങളായി യാത്രക്കാർ വിമാനത്തിൽ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാറുണ്ടെങ്കിലും ഇക്കാര്യത്തിൽ കോവിഡ് ലോക്ഡൗണ്കാലം കണ്ടത് അഭൂതപൂർവമായ വർധനയാണ്.
യാത്രയ്ക്കൊപ്പം വളർത്തുമൃഗങ്ങളെ കൂട്ടുന്നതിൽ കഴിഞ്ഞ രണ്ടുവർഷമായി 86 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ് ആഗോള ബിസിനസ് ഏവിയേഷൻ കന്പനി വിസ്ത ജെറ്റ് പറയുന്നത്.
ഇക്കാലത്ത് യാത്രക്കാർ കൂടുതലും ഒപ്പം കൂട്ടിയത് വളർത്തുപക്ഷികളെയാണ്. യാത്രയ്ക്ക് വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിലെ സ്വകാര്യ ജെറ്റ് കന്പനിയായ നെറ്റ് ജെറ്റ്സ് ‘നെറ്റ് പെറ്റ്സ്’ എന്ന ഹാഷ് ടാഗിൽ പ്രത്യേക പദ്ധതിതന്നെ ആവിഷ്കരിച്ചു.
കഴിഞ്ഞ വർഷം മേയ് 25നും സെപ്റ്റംബറിനുമിടയിൽ എയർ ഇന്ത്യ 2000 വളർത്തുമൃഗങ്ങളെയാണ് ആഭ്യന്തര സർവീസുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
പൂച്ച, നായ, ആമ, മുയൽ, വ്യത്യസ്തയിനം പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ, അലങ്കാര എലികൾ, ഗിനിപ്പന്നികൾ എന്നിവ ഇതിൽപ്പെടുന്നു.
ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കോവിഡ് അതിരൂക്ഷമായപ്പോൾ സ്വന്തം വീടുകളിലേക്കു മടങ്ങിയവരും കന്പനികൾ പൂട്ടിയതിനെത്തുടർന്ന് തൊഴിൽരഹിതരായവരും വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുമതി ലഭിച്ചവരുമെല്ലാം കഷ്ടനഷ്ടങ്ങൾ സഹിച്ചാണെങ്കിലും അരുമ മൃഗങ്ങളെയും ഒപ്പം കൂട്ടി.
ഡൽഹി-മുംബൈ, ഡൽഹി-ബംഗളൂരു റൂട്ടുകളിലാണ് വളർത്തുജീവികളുടെ യാത്ര കൂടുതലായി നടന്നത്. മുംബൈ-കോൽക്കത്ത വിമാനത്തിൽ കാബിനിലും കാർഗോയിലുമായി 12 വളർത്തുമൃഗങ്ങളെവരെ കൊണ്ടുപോയ ദിവസങ്ങളുണ്ട്.
വളർത്തുമൃഗങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സ്വകാര്യ കന്പനികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം കന്പനികൾ ലോകമെന്പാടും കോവിഡ് കാലത്ത് തഴച്ചുവളർന്നു.
ഇങ്ങനെ വളർച്ച നേടിയ സ്ഥാപനങ്ങളിൽ ശ്രദ്ധേയമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പെറ്റ് റിഹാബിലിറ്റേഷൻ സർവീസ് കന്പനിയായ ബാർക്ക് ട്രാവലർ.
പ്രത്യേക കാമറകളും ജിപിഎസ് സംവിധാനവുമുള്ള ശീതീകരിച്ച ആംബുലൻസുകളാണ് റോഡ് മാർഗം ഇതിനായി ഉപയോഗിക്കുന്നത്. രാജ്യാന്തര വിമാനങ്ങളിലും കന്പനി വളർത്തുമൃഗങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
ആദ്യ ലോക്ഡൗണിനുശേഷം അണ്ലോക് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽനിന്ന് അമേരിക്ക, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് രാജ്യാന്തര വിമാനങ്ങളിൽ 17 വളർത്തുമൃഗങ്ങളെ എത്തിച്ചതായി കന്പനി ഉടമ ശ്യാമാക്സ് പ്രസ്വാല പറഞ്ഞു. അതുപോലെ നാലു വളർത്തുമൃഗങ്ങളെ കാനഡയിൽനിന്നും രണ്ടെണ്ണത്തിനെ ഇറ്റലിയിൽനിന്നും ഒന്നിനെ അമേരിക്കയിൽനിന്നും ഇന്ത്യയിലെത്തിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായി രാഹുൽ മുച്ചാലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഓണ്ലൈൻ ഹെലി ടാക്സി കന്പനി അക്രിഷൻ ഏവിയേഷൻ കഴിഞ്ഞ ജൂണിനും സെപ്റ്റംബറിനുമിടയിൽ യാത്രക്കാർക്കൊപ്പം വളർത്തുമൃഗങ്ങളുമായി 12 ചാർട്ടർ വിമാനസർവീസുകൾ നടത്തി.
ജാഗ്രതക്കുറവ് പ്രശ്നമായേക്കാം
വളർത്തുമൃഗങ്ങളെ വിമാനയാത്രയിൽ ഒപ്പം കൂട്ടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ സുരക്ഷാപ്രശ്നമായി മാറിയേക്കാം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനൊപ്പമെത്തിയ പൂച്ചതന്നെ ഉദാഹരണം. വിമാനം ലാൻഡ് ചെയ്തയുടൻ ജനാലവഴി പൂച്ച പുറത്തേക്കു ചാടി ഓടി അപ്രത്യക്ഷമായി.
അതീവ സുരക്ഷാമേഖലയായ വിമാനത്താവളത്തിൽ ഇതു വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. സുരക്ഷാജീവനക്കാർ അരിച്ചുപെറുക്കിയിട്ടും പൂച്ചയെ കണ്ടെത്താനായില്ല. ഒടുവിൽ വനംവകുപ്പിന്റെ സഹായം തേടി.
അവർ നടത്തിയ നാലു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ വിമാനത്താവളത്തിലെ വിശാലമായ കാർഗോ മേഖലയിൽനിന്നാണ് പൂച്ചയെ കണ്ടെത്താനായത്.
ആനയും വിമാനത്തിൽ പറന്നു
ഇന്ത്യയിൽനിന്ന് സ്പെയിനിലേക്ക് ആനക്കുട്ടിയെ കൊണ്ടുപോയ ചരിത്രം എയർ ഇന്ത്യക്കുണ്ട്. 1967 ലാണു സംഭവം. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കു നൽകാനായി എയർ ഇന്ത്യക്ക് പ്രത്യേക തരത്തിലുള്ള ആഷ് ട്രേകൾ (സിഗരറ്റിന്റെയും മറ്റും ചാരം ഇടുന്ന പാത്രം) നിർമിച്ചുനൽകിയ വിഖ്യാത സ്പാനിഷ് കലാകാരൻ സാൽവദോർ ദാലിക്കു നൽകാനായിരുന്നു ആനക്കുട്ടിയെ അയച്ചത്.
മധ്യഭാഗത്ത് ഷെൽ ആകൃതിയിലും ചുറ്റിലും സർപ്പത്തിന്റെ ആകൃതിയിലുമുള്ള ആഷ്ട്രേയാണ് സാൽവദോർ ദാലി രൂപകല്പന ചെയ്ത് അണ് ഗ്ലെയ്സ്ഡ് പൊർസെലിനിൽ നിർമിച്ചുനൽകിയത്.
പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത് ഒരു ആനക്കുട്ടിയെയായിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബംഗളുരു കാഴ്ചബംഗ്ലാവിൽനിന്ന് ആനക്കുട്ടിയെ വാങ്ങി എയർ ഇന്ത്യ വിമാനമാർഗം അയയ്ക്കുകയായിരുന്നു.
രണ്ടുദിവസം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചാണ് സ്പെയിൻ ആനക്കുട്ടിയെ വരവേറ്റത്.
ടി.എ. ജോർജ്