ആലുവ: കാക്കനാട്ടെ ഫ്ലാറ്റിൽനിന്നും കോടികളുടെ എംഡിഎംഎ ലഹരി പിടികൂടിയ വിവാദമായ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു കൊണ്ട് പുരോഗമിക്കുന്നു.
റെയ്ഡ് നടന്ന അന്നു മുതൽ സഹായിയെന്ന വ്യാജേന സജീവമായി പ്രതികൾക്കു വേണ്ടി രംഗത്തുണ്ടായിരുന്ന ടീച്ചറമ്മയാണ് ഒടുവിൽ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ വലയിൽ കുരുങ്ങിയത്. മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ മട്ടാഞ്ചേരി കൂവപ്പാടം സ്വദേശി സുസ്മിത ഫിലിപ്പിന്റെ അറസ്റ്റ് വളരെ തന്ത്രപരമായിമായിട്ടായിരുന്നു.
നാൽപതുകാരിയായ സുസ്മിത ഓൺലൈൻ ക്ലാസുകളെടുത്തിരുന്നതിനാലാണ് ടീച്ചർ എന്നറിയപ്പെട്ടിരുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. വഴിവിട്ട ജീവിതത്തിനിടയിൽ പരിചയപ്പെട്ട ചില അവിശുദ്ധബന്ധങ്ങളാണ് വീട്ടമ്മയായ ഇവരെ ലഹരിക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയാക്കിയത്.
സുസ്മിത പിന്നീട് കൊച്ചി കേന്ദ്രമാക്കിയ ലഹരിയിടപാടുകളിലെ മുഖ്യ ഇടനിലക്കാരിയായി മാറുകയായിരുന്നു.സിനിമാ രംഗത്തെ പ്രമുഖകരടക്കമുള്ളവരുമായി മയക്കുമരുന്നു ഇടപാടുകൾ നടത്തിയിരുന്നത് ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ലഹരിയെത്തിച്ചിരുന്നതും ഇവരുടെ നിയന്ത്രണത്തിലുള്ള ഫീമെയിൽ ഗ്യാംഗാണ്.
ഈ കേസിൽ അറസ്റ്റിലായ ത്വയ്ബ, ഷബ്ന എന്നി യുവതികളെ കൂടുതൽ ചോദ്യം ചെയ്യുകയും പ്രധാന പ്രതികളുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുകയും ചെയ്തതിൽ നിന്നും ടീച്ചറുടെ പങ്ക് തെളിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്.കേസിൽ നേരത്തെ തന്നെ ടീച്ചർ സംശയത്തിന്റെ നിഴലിലായിരുന്നു.
അന്വേഷണ ചുമതലയുള്ള എക്സൈസ് ക്രൈംബ്രാഞ്ച് ഇവരെ മൂന്നു വട്ടം ചോദ്യം ചെയ്യുകയും ചെയ്തു. നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ ലഹരി മാഫിയയുമായുള്ള മുൻകാല ബന്ധങ്ങൾ കണ്ടെത്തിയത്. കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിലും റിസോർട്ടുകളിലും ആഡംബര ഹോട്ടലുകളിലും സംഘടിപ്പിക്കുന്ന യുവതികളടങ്ങിയ നിശാ പാർട്ടികളിൽ റിമാൻഡിലുള്ള പ്രതികളോടൊപ്പം ഇവരും പങ്കെടുത്തിരുന്നതായി തെളിയുകയായിരുന്നു.
ഇവര്‍ക്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു നേരത്തെ ബോധ്യമായതാണ്.നായ്ക്കളെ മറയാക്കിയായിരുന്നു മയക്കുമരുന്നു കടത്ത് നടത്തിയിരുന്നത്. റോട്ട്വീലര്, കാനെ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളാണ് റെയ്ഡ് നടക്കുമ്പോൾ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇതില്‍ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരും.
റോട്ട്വീലര് പോലെയുള്ള നായ്ക്കള്‍ ഏക യജമാനനെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രമേ പെരുമാറുകയും ചെയ്യൂ. എന്നാൽ നായ്ക്കളെ സ്വീകരിക്കാനെത്തിയ ടീച്ചറോട് ഇവ കൂടുതൽ ഇണക്കം കാട്ടിയതാണ് ഇവര്‍ക്ക് ലഹരിക്കടത്തില്‍ പങ്കുണ്ടെന്ന സൂചനയിലേക്ക് എക്സൈസിനെ എത്തിക്കാൻ കാരണം.
ഇതിനകം പന്ത്രണ്ട് പ്രതികൾ അറസ്റ്റിലായ കേസിന്റെ പഴുതടച്ചുകൊണ്ടുള്ള അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. കാസിം രാഷ്ട്രദീപികയോട് പറഞ്ഞു.