അടിമാലി: ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാന്‍ എന്ന സുനില്‍കുമാറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൊലപാതകത്തിനിടയാക്കിയത് കുടുംബ വഴക്ക് തന്നെയാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
കൊലനടത്തിയ ശേഷം മൂത്തവന് കുടിയില്‍ ചെങ്കുളം ഡാമിന്റെ സമീപമുള്ള യൂക്കാലി കാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കാടു വളഞ്ഞാണ് ഇന്നലെ വൈകുന്നേരം ആറോടെ പോലീസ് പിടികൂടിയത്.
ആനച്ചാല്‍ ആമക്കണ്ട് റൈഹാനത്ത് മന്‍സിലില്‍ റിയാസ് റഹ്മാന്റെ മകന് അബ്ദുള്‍ ഫത്താഹ് റയ്ഹാനാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിനിരയായ കുട്ടിയുടെ മാതാവ് സഫിയ (32), സഫിയയുടെ മാതാവ് സൈനബ (73) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.പ്രതി പെട്ടെന്ന് ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത പ്രദേശം എന്ന നിലക്കാണ് പോലീസ് ചെങ്കുളം ഡാമിന്റെ പരിസരത്തുള്ള വനമേഖലയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതി പിടിയിലാകുകയായിരുന്നു.
വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശിയായ സുനില്‍ കുമാര്‍ 2016 ലാണ് സഫിയയുടെ മൂത്ത സഹോദരി ഷൈലയുമായി ബന്ധം സ്ഥാപിക്കുന്നത് .
ഇയാള്‍ക്ക് വണ്ടിപ്പെരിയാറില്‍ മറ്റൊരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. അടുത്തിടെ അതിര്‍ത്തി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സഫിയ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ആസൂത്രിതമായ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടാണ് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമെ വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.