പ്രേമം എന്ന സിനിമയിലെ മലര് മിസ് ആയി വന്ന് കേരളത്തിലെ യുവാക്കളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യയിലൊട്ടാകെ സായി പല്ലവിയുടെ ഡിമാന്‍ഡ് കൂടി.
പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെ സായി സജീവമായി. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മറ്റ് നടിമാരെക്കാൾ കൂടുതൽ നിബന്ധനകള്‍ സായി മുന്നോട്ട് വയ്ക്കുമായിരുന്നു. അതിലൊന്ന് ഗ്ലാമറസ് വേഷങ്ങളോ ചുംബന രംഗങ്ങളിലോ അഭിനയിക്കുക ഇല്ലെന്നായിരുന്നു.
എന്നാല്‍ നാഗചൈതന്യയ്ക്കൊപ്പം അഭിനയിച്ച പുതിയ ചിത്രത്തില്‍ സായി പല്ലവി ഒരു ചുംബന രംഗത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ഇതോടെ സിനിമ കണ്ടവരെല്ലാം നടിയെ ചോദ്യം ചെയ്തുകൊണ്ടു രംഗത്ത് വന്നു.
സിനിമയ്ക്ക് വേണ്ടി ചുംബിക്കില്ലെന്നത് അടക്കം ഇതുവരെ ഉണ്ടായിരുന്ന നിലപാടുകളെല്ലാം സായി മാറ്റിയോ എന്ന ചോദ്യങ്ങള്‍ ഉയർന്നിരിക്കുകയാണ്. ഇതോടെ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ലൗസ്റ്റോറി. പേര് സൂചിപ്പിക്കുന്നത് പോലെ റൊമാന്റിക് ഡ്രാമ മൂവി തന്നെയാണ് ലൗ സ്റ്റോറി. ശേഖര്‍ കാമുല തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ സെപ്റ്റംബര്‍ ഇരുപത്തിനാലിനാണ് റിലീസ് ചെയ്തത്.
ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്കിയ പ്രതികരണത്തിലാണ് സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് നടി വ്യക്തമാക്കിയത്. ഞാന്‍ കിസ് ചെയ്യുന്ന രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താല്പര്യവുമില്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകന് എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല.
നാഗചൈതന്യയെ ഞാന്‍ ചുംബിച്ചിട്ടില്ല, അത് വെറും കാമറ ട്രിക്ക് മാത്രമാണ്. ഈ സിനിമയെ കുറിച്ച് പറഞ്ഞ സമയത്ത് തന്നെ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ എന്റെ നിലപാടുകളിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ല .–സായ് പല്ലവി പറഞ്ഞു.
അതേ സമയം റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് തനിക്ക് താല്പര്യം കുറവുള്ളതിന്റെ കാരണവും നടി വ്യക്തമാക്കി. ഒറിജിനല്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
മറ്റൊരാള്‍ ചെയ്ത് വെച്ച കഥാപാത്രം ഏറ്റെടുക്കാന്‍ താല്പര്യപ്പെടാറില്ല, അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കേണ്ടി വരും.
അങ്ങനെയൊരു അവസ്ഥ വരുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല.-സായി കൂട്ടിച്ചേർത്തു.ചുംബനരംഗങ്ങളെ കുറിച്ച് മാത്രമല്ല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞും ഒരു ഡോക്ടർ കൂടിയായ സായി പല്ലവി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതിന് രണ്ട് കോടി വരെ നല്‍കാമെന്ന് പറഞ്ഞുള്ള ഓഫറുകളും നടി വേണ്ടെന്ന് വച്ചിരുന്നു.