ജിബിൻ കുര്യൻ
കോട്ടയം: പൊൻകുന്നം ചെങ്ങളത്തുനിന്നും കടുപ്പമുള്ള തേയിലയുടെ കാറ്റാണ് വീശുന്നത്. ചെങ്ങളം ഈസ്റ്റ് കുറ്റിക്കാട്ട് ജയിംസ് കെ. തോമസിന്റെ വീട്ടുമുറ്റം അഴകും ആരോഗ്യവും പകരുന്ന ചായത്തോട്ടത്താൽ സന്പന്നമാണ്.
നാലു വർഷം മുന്പാണ് ജയിംസ് വീടിന്റെ അങ്കണം തേയില കൃഷിക്കായി മാറ്റിയത്. ഇപ്പോൾ വീട്ടാവശ്യത്തിനു പുറമേ നാട്ടുകാർക്കും തേയില ജയിംസ് നൽകുന്നു. ഡൽഹിയിൽ ബിസിനസ് നടത്തുന്ന ജയിംസ് നാട്ടിൽ പുതിയ വീടു നിർമിച്ചപ്പോൾ മുറ്റത്ത് പൂന്തോട്ടം നിർമിക്കാനാണ് ആദ്യം തീരുമാനിച്ചത്.
എന്നാൽ മൂന്നാർ യാത്ര പോയപ്പോൾ തേയിലത്തോട്ടം ഇഷ്്ടപ്പെട്ട ജയിംസ് വീടിന്റെ അങ്കണത്ത് പൂന്തോട്ടം വേണ്ട തേയില മതി എന്നു തീരുമാനിച്ചു.വാഗമണിൽ തേയിലത്തോട്ടമുളള സുഹൃത്തിൽനിന്നും ഗ്രാഫ്റ്റ് തേയില ചെടികൾ ശേഖരിച്ചു.
രണ്ടായിരത്തോളം തേയിലച്ചെടികൾ നട്ടു. മണ്ണ് നല്ല പോലെ കിളച്ച് തേയിലത്തോട്ടങ്ങൾക്കു സമാനമായ ചെരിവു നൽകിയായിരുന്നു കൃഷി. തേയില ചെടി വളർന്നു പന്തലിച്ച് മുറ്റം ഒരു ചായാങ്കണമായി.
ഒന്നര വർഷം കഴിഞ്ഞപ്പോൾ മുതൽ കൊളുന്ത് നുള്ളൽ ആരംഭിച്ചു. ഇപ്പോൾ 15 ദിവസം കൂടുന്പോൾ കൊളുന്തു നുള്ളിയെടുക്കാം.ശരാശരി മൂന്നു കിലോയോളം ഒരോ തവണയും ലഭിക്കും. വേനൽക്കാലത്ത് നനയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചാണക പൊടിയും എല്ലുപൊടിയുമാണ് വളമായി നൽകുന്നത്. ലഭിക്കുന്ന കൊളുന്ത് സംസ്കരിച്ച് ചായപൊടിയാക്കിയും ജയിംസ് വിസ്മയം സൃഷ്്ടിച്ചു. കൊളുന്ത് മിക്സിയിൽ ചെറുതായി അടിച്ചെടുത്ത് നാലു മണിക്കൂർ കൂട്ടിവയ്ക്കും.
തവിട്ടു നിറമായ തേയില കൊളുന്ത് ഓവൻ ട്രേയിൽ ഒരു ഇഞ്ച് കനത്തിൽ നിരത്തി 120 ഡിഗ്രി സെൽഷ്യസിൽ ബേക്ക് ചെയ്തെടുക്കും. ഇതോടെ വിഷമില്ലാത്ത സ്വാദേറിയ ചായ പൊടി റെഡി. വിഷ രഹിതമായ തേയിലപൊടിക്ക് ഇന്ന് ആവശ്യക്കാരും ഏറെയുണ്ട്.
കൂരാലിയിലെ കർഷക കൂട്ടായ്മയായ ഫെയ്സ്, കുരുവിക്കുട്ടിലെ നാട്ടുചന്ത എന്നിവിടങ്ങളിൽ വിൽപനയ്ക്കും എത്തിക്കുന്നുണ്ട്. തേയില ഉണക്കാനുള്ള യന്ത്രം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ജയിംസ് ഇപ്പോൾ.
ഭാര്യ മേഴ്സിയും മക്കളായ ജുവൽ, ജുവി എന്നിവരും തേയില തോട്ടം പരിപാലിക്കാനും കൊളുന്തു നുള്ളുവാനും ജയിംസിനൊപ്പമുണ്ട്. ചെങ്ങളം ടൗണിനോടു ചേർന്നുള്ള ജയിംസിന്റെ മനോഹരമായ വീട്ടുമുറ്റം ഇപ്പോൾ തേയിലത്തോട്ടങ്ങളുടെ പച്ചപ്പിൽ മറ്റൊരു മൂന്നാറാണ്.