കോട്ടയം: നായ വളർത്തൽ മേഖലയിൽ നാടൻ നായ്ക്കുട്ടികൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ജർമൻ ഷെപ്പേർഡ്, ലാബർഡോർ, ഗ്രേറ്റ് ലൈൻ, ഡോബർമാൻ, ബുൾഡോഗ്, റോഡ് വില്ലർ, പഗ് തുടങ്ങി നിരവധി ഇനത്തിൽ പെട്ട നായ്ക്കളെയാണ് വളരെക്കാലമായി വീടുകളിൽ വളർത്തിയിരുന്നത്. ഇത്തരം നായ്ക്കൾ ആർഭാടത്തിന്റെ ഭാഗവുമാണ്.
ഇവയുടെ സംരക്ഷണ ചെലവ് വലിയ തോതിൽ വർധിച്ചതോടെ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി. ഇത്തരം നായ്ക്കളെ അപേക്ഷിച്ച് നാടൻ നായ്ക്കൾക്കു വീടും പരിസരവും സംരക്ഷിക്കാനുള്ള കഴിവും കുറഞ്ഞ സംരക്ഷണ ചെലവുമാണ് നിരവധി ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ കാരണമാക്കിയത്.
കുറുക്കൻ, കാട്ടുപാക്കാൻ തുടങ്ങിയവയുടെ ശല്യം നാടൻ നായ്ക്കളുള്ള സ്ഥലങ്ങളിൽ ഉണ്ടാകാറില്ല. വിദേശ ജനുസുകളിൽ പെട്ട നായ്ക്കൾക്കു കൃത്യമായ പരിശീലനം ലഭിച്ചില്ലെങ്കിൽ തീറ്റയും ഉറക്കവും മാത്രമാണ് ഉണ്ടാവുക.
നാടൻ നായ്ക്കൾക്കു വീട്ടുകാരോടുള്ള അമിത സ്നേഹവും ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ടെങ്കിലും നായ്ക്കുഞ്ഞുങ്ങളുടെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നാടൻ നായ് വളർത്തൽ കൂട്ടായ്മ രൂപീകരിച്ചതായി പൊതുപ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.
നിലവിൽ നാടൻ നായ്ക്കുട്ടികൾക്ക് 1000 രൂപ വരെ ഈടാക്കുന്നവരുണ്ട്. തെരുവുകളിൽ വളരുന്ന പട്ടിക്കുട്ടികളെ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുപ്പിച്ച ശേഷം ആവശ്യക്കാർക്ക് നൽകാനുള്ള പരിപാടി കൂട്ടായ്മയുടെ ഭാഗമായി നടത്താൻ ഒരുങ്ങുകയാണ്.
നാടൻ നായ് വളർത്തൽ വ്യാപകമായാൽ തെരുവുനായ് ശല്ല്യത്തിന് ഒരു പരിധിവരെ പരിഹാരമാകും. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്നും എബി ഐപ്പ് പറഞ്ഞു.