കോഴിക്കോട് : ചീട്ടുകളിക്ക് വേണ്ടി സ്ത്രീകളുടെ സ്കൂട്ടറുകള് മോഷ്ടിച്ചെങ്കിലും അതിലെ രേഖകളെല്ലാം ‘ഭദ്രം’ ! സ്ത്രീകളുടെ സ്കൂട്ടറുകളിലെ ഡിക്കി സ്പേസില്‍നിന്ന് ലഭിച്ച രേഖകളാണ് ഭദ്രമായി സൂക്ഷിച്ചത്.
ചിലരുടെ രേഖകള്‍ വീടുകളില്‍ എത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേവായൂര്‍ പോലീസ് പിടികൂടിയ കോഴിക്കോട് കുരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ മുതുവന പറമ്പില്‍ ഷനീദ് അറഫാത്താണ് രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചു വച്ചത്. അതേസമയം ബൈക്കിന്റെ ആര്‍സി പണയം വച്ചിട്ടുണ്ട്.
ചീട്ടുകളിക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സ്കൂട്ടര്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് ഷനീദ് പോലീസിന് മൊഴി നല്‍കിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിൻതുടർന്നായിരുന്നു മോഷണം.
സമീപ കാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളുടെ മോട്ടോർ സൈക്കിളുകൾ പതിവായി മോഷണം പോകുന്നത് പോലീസിന് തലവേദനയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ വീട്ടിലെത്തി സ്കൂട്ടറിൽ നിന്നു സാധനങ്ങൾ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് മോഷണം നടത്തിയിരുന്നത്.
ബൈക്കിൽ പിന്തുടര്ന്നെത്തുന്ന ഷനീദ് വീടിന് തൊട്ടപ്പുറത്ത് വാഹനം നിര്‍ത്തി കാത്തു നില്ക്കും. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിക്ക മോഷണങ്ങളും നടത്തിയിരുന്നത്. ഇയാൾ മോഷ്ടിച്ച സ്കൂട്ടറുകളെല്ലാം താക്കോൽ അലക്ഷ്യമായി സ്കൂട്ടറിൽ തന്നെ വച്ചവയായിരുന്നു.
സ്ത്രീകളുടെ സ്കൂട്ടറുകളിൽ മിക്കവാറും ഒറിജിനൽ രേഖകൾ ഉണ്ടാകുമെന്നതും ഇയാൾക്ക് ഇത്തരം സ്കൂട്ടറുകൾ മോഷ്ടിക്കാൻ പ്രേരണയായി. മോഷ്ടിച്ചെടുക്കുന്ന സ്കൂട്ടറുകളെല്ലാം വിവിധ സ്ഥലങ്ങളിൽ പണയം വച്ചു കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന വൻ ചീട്ടുകളികളിൽ “കുരുവട്ടൂരാൻ’ എന്ന പേരിലാണ് ഷനീദ് അറിയപ്പെട്ടിരുന്നത്. ചീട്ടുകളിയില്‍ നിന്ന് പലപ്പോഴായി അഞ്ചു ലക്ഷം വരെ ലഭിച്ചിരുന്നുവെന്നും ഷനീദ് മൊഴി നല്കി.