പാലാ: സഹപാഠി നിതിന മോളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ ശനിയാഴ്ച പാലാ സെന്റ് തോമസ് കോളജിലെ കാന്പസിലെത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ പോലീസിന് മുന്നിൽ പ്രതി അഭിഷേക് എല്ലാം വിവരിച്ചു.
ആദ്യം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അഭിഷേക് കോളജിന്റെ മരത്തണലിലെ ബെഞ്ചിലാണ് നിതിനയെ കാത്തിരുന്നത്. തെളിവെടുപ്പിനെത്തിച്ചപ്പോൾ ആദ്യം കാത്തിരുന്ന ബെഞ്ചിലിരുന്നു. പിന്നീട് പെണ്കുട്ടി എത്തിയപ്പോൾ ഒപ്പം സംസാരിച്ചതും തർക്കമുണ്ടായതും പെണ്കുട്ടിയുടെ കഴുത്തിൽ പിടിച്ചതും കഴുത്തിൽ കട്ടർ ഉപയോഗിച്ച് മുറിച്ചതും വിവരിച്ചു.
പോലീസിന്റെ ചോദ്യങ്ങൾക്ക് വൃക്തമായ മറുപടി നൽകി. നിതിനയെ കീഴ്പ്പെടുത്തിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പിടിച്ച് അനുകരിച്ച് കാണിച്ചു.
പാലാ ഡിവൈഎസ്പി ഷാജു ജോസ്, സിഐമാരായ കെ.പി. തോംസണ്, ബാബു സെബാസ്റ്റ്യൻ, എസ്ഐ ഷാജി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടത്തിയത്. കൊലപാതകം നടത്തിയപ്പോൾ പ്രതി അഭിഷേകിന്റെ കൈയിൽ മുറിവേറ്റിരുന്നു. പ്രതിയെ ഇന്നലെ ആശുപത്രിയിലെത്തിച്ച് മുറിവ് പരിശോധിച്ചു.
പ്രതി ഗൂഗിളിൽ പരതി
കൊലപാതകം സംബന്ധിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരണങ്ങൾ ആഴ്ചകൾക്കു മുന്പേ പ്രതി ഗൂഗിളിൽ പരതിയിരുന്നതായി പോലീസ് പറഞ്ഞു.
കഴുത്തിൽ മുറിവേൽപ്പിക്കുന്പോൾ മരണം സംഭവിക്കാനെടുക്കുന്ന സമയത്തെക്കുറിച്ചും ഗൂഗിളിലൂടെ പഠിച്ചു. മരണം നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷയെ സംബന്ധിച്ചും കുറ്റത്തിന് എടുക്കാവുന്ന കേസുകളെക്കുറിച്ചും പഠനം നടത്തി.
പാലാ സെന്റ് തോമസ് കോളജിനെക്കുറിച്ചും വിശദമായി ഗൂഗിളിൽ പരിശോധിച്ചു. നിതിന മോളെ കൊല്ലുമെന്നു സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്ത് ജിഷ്ണുവിന് അയച്ച വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു.
ജിഷ്ണുവിനോട് ഇതു സംബന്ധിച്ച് മൊഴി എടുത്തു. ഇതിൽ നിതിന മോളെ കൊല്ലുമെന്നും കൊലപാതകം നടത്തിയാൽ തൂക്കി കൊല്ലാനൊന്നും പോകില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.
കൊലപാതകം നടത്തിയ കട്ടർ കത്തിയിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്നും ഏതാനും ദിവസങ്ങൾ മുന്പ് വാങ്ങി സജ്ജമാക്കുകയായിരുന്നു.
റിമാന്റിൽ കഴിയുന്ന പ്രതിയെ ഇന്നു കസ്റ്റഡിയിൽ വാങ്ങി ഈ കടയിൽ എത്തിച്ച് തെളിവെടുക്കും.
ആസൂത്രണം ദിവസങ്ങൾ നീണ്ടു
അതിദാരുണമായ കൊലപാതകത്തിനു പ്രതി അഭിഷേക് ബൈജു നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണം. കൈവശമുണ്ടായിരുന്ന പേപ്പർ കട്ടർ ആയുധമായി തെരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുന്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ തുരുന്പെടുത്ത ബ്ലേഡിന് പകരം പുതിയത് വാങ്ങി.
നിതിന പ്രണയാഭ്യർഥന നിരസിച്ചതിനു പുറമേ സംശയവും രൂക്ഷമായതോടെയാണ് പ്രതി കൊടുംകൃത്യത്തിനു തീരുമാനിച്ചത്. നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.
ആദ്യത്തെ കുത്തിൽതന്നെ നിതിനയുടെ വോക്കൽ കോഡ് അറ്റുപോയി. തെളിവെടുപ്പിനായി കോളജിലെത്തിച്ചപ്പോൾ കൊലപാതകം നടത്തിയ രീതി അഭിഷേക് ഭാവവ്യത്യാസമില്ലാതെ വ്യക്തമാക്കി. പഞ്ചഗുസ്തി ചാംപ്യനായ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാനായെന്നും പോലീസ് പറഞ്ഞു.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. നിതിനയുടെ അമ്മയെയും പ്രതി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിക്കു മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ മൊബൈൽ ഫോണ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും.