ലക്നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ച ഗസ്റ്റ്ഹൗസിൽ നിരാഹാരമിരുന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം.
കഴിഞ്ഞ 24 മണിക്കൂറായിട്ടും പോലീസ് കസ്റ്റഡിയിൽനിന്നും വിടാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ നീക്കം.
തിങ്കളാഴ്ച പുലർച്ചെ ലക്നോയിൽനിന്നു 90 കിലോമീറ്റർ അകലെ സീതാപുരിൽ വച്ചാണു പ്രിയങ്കയെയും സംഘത്തെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്താൻ ശ്രമിച്ച പോലീസിനു നേരേ പ്രിയങ്ക പെട്ടിത്തെറിച്ചു. “നിങ്ങൾ കൊലപ്പെടുത്തിയവരേക്കാൾ പ്രധാനപ്പെട്ട ആരുമല്ല ഞാൻ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതു തടയുന്ന വാറന്റോ മറ്റു രേഖകളോ ഇല്ലാതെ ഒരടി പോലും പിന്നിലേക്കു പോകാൻ തയാറല്ല.
ബലം പ്രയോഗിച്ചു നീക്കാനാണ് ഉദ്ദേശ്യമെങ്കിൽ തട്ടിക്കൊണ്ടുപോയെന്നു കേസുകൊടുക്കും…” പ്രിയങ്ക പ്രതികരിച്ചു.