പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു.
ചടങ്ങിനിടെ നിഥിനയുടെ അമ്മയെ കറുത്ത വസ്ത്രമണിഞ്ഞ ഒരു സ്ത്രീ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യം ആരും മറക്കാനിടയില്ല.
കരൾ രോഗ ബാധിതയായ നിഥിനയുടെ അമ്മ ബിന്ദുവിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ഡോ. സുവാൻ സഖറിയയാണ് മരണവീട്ടിൽ സാന്ത്വനമായെത്തിയത്.
രണ്ടു മണിക്കൂറോളം നിഥിനമോളുടെ അമ്മയെ ചേർത്ത് പിടിച്ച് നിന്ന ഡോ. സുവാൻ ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും ആ അമ്മയെ താങ്ങിപ്പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും കൂടെയുണ്ടായിരുന്നു.
ഇതിനിടെ, ഡോ. സുവാന്‍ അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി.
ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ യഥാർഥ ഡോക്ടർ എന്നാണ് ഡോ. സുവാനെ അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.
ഡോക്ടർ ഈ സമൂഹത്തിന് തന്നെ ഒരു മാതൃകയും അഭിമാനവുമാണെന്നും ഈ നന്മക്ക് തന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും തോമസ് ചാഴികാടൻ കുറിച്ചു.