വിതുര: തർക്കത്തെത്തുടർന്ന് ഡിഎച്ച്ആർഎമ്മിന്റെ കീഴിലുള്ള ഭൂമിയിൽ സംസ്കരിക്കാൻ കൊണ്ടു വന്ന വീട്ടമ്മയുടെ മൃതദേഹം പോലീസ് ഇടപെട്ട് മോർച്ചറിയിലേക്കു മാറ്റി.
വിതുര മേമലയിലുള്ള സ്ഥലത്തെ തർക്കത്തെ തുടർന്ന് വണ്ടിത്തടം സ്വദേശി ലീല (59)യുടെ മൃതദേഹമാണ് മോർച്ചറിയിലേക്കു മാറ്റിയത്.
മൃതദേഹം സംസ്കരിക്കുന്നതിനായി മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് കുഴിയെടുക്കാൻ തുടങ്ങിയതോടെ ട്രസ്റ്റിലെ ഒരു വിഭാഗം എതിർപ്പുമായെത്തി. മരിച്ച വീട്ടമ്മയ്ക്ക് സ്വന്തമായി സ്ഥലമുണ്ടെന്നും സംഘടനയുടെ ഭൂമി ശ്മശാനമാക്കാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
എന്നാൽ ട്രസ്റ്റ് അംഗമായിക്കെ മരണപ്പെട്ട അനിൽകുമാർ എന്ന വ്യക്തിയുടെ മാതാവാണ് ലീല എന്നും എന്നും മൃതദേഹം മറവു ചെയ്യാൻ അനുവദിക്കണമെന്നും ഒപ്പം വന്നവർ പറഞ്ഞതോടെ തർക്കം രൂക്ഷമായി തുടർന്ന് നെടുമങ്ങാട് എഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനു ശ്രമിച്ചെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
ഇതിനെത്തുടർന്നാണ് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരു വിഭാഗങ്ങളുമായി ഇന്ന് ആർഡിഒ ചർച്ച നടത്തും.