ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ലോകമെമ്പാടും ആരാധകരുള്ള നായിക. എന്നാല്‍ കത്രീനയെ വെറുക്കുന്നവരുടെ ഒരു ക്ലബ്ബുണ്ടായിരുന്നു.
രണ്ട് പേര് മാത്രമായിരുന്നു ഐ ഹേറ്റ് കത്രീന കെയ്ഫ് ക്ലബിലുണ്ടായിരുന്നത്. യുവതാരങ്ങളായ വരുണ്‍ ധവാനും അര്ജുന് കപൂറും.
രസകരമായ ആ കഥ കത്രീന തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കത്രീന അതേക്കുറിച്ച് മനസ് തുറന്നത്.
വരുണും അര്‍ജുനും എന്നെ പരിചയപ്പെടുന്നത് എനിക്ക് 17 വയസുള്ളപ്പോഴാണ്. ഞങ്ങള്‍ സല്‍മാനൊപ്പം നടക്കുകയായിരുന്നു. അഞ്ചോ ആറോ പേരുണ്ടായിരുന്നു.
അപ്പോഴാണ് വരുണ്‍ എന്നെ നോക്കുന്നത് ഞാന്‍ കണ്ടത്. സാധാരണ ഞാന്‍ ഇത്തരം കാര്യം പറയാത്തതാണ്. അതോടെ സല്‍മാനും വരുണും തമ്മില്‍ പ്രശ്നമായി. അതിന് ശേഷമാണ് വരുണും അര്‍ജുനും ചേര്‍ന്ന് ഐ ഹേറ്റ് കത്രീന ക്ലബ്ബ് ആരംഭിക്കുന്നത്.
ആ കാരണം കൊണ്ട് അവര്‍ എന്നെ വെറുത്തു. ഞാന്‍ എന്റെ കാര്യം നോക്കി നടക്കുകയായിരുന്നു. വരുണ്‍ എന്തിനാണ് ക്ലബ്ബ് തുടങ്ങിയതെന്ന് എനിക്കറിയാം, പക്ഷെ അര്ജുന് എന്തിനാണ് അതിന്റെ ഭാഗമായത് എന്നെനിക്ക് മനസിലാകുന്നില്ല- കത്രീന പറയുന്നു.
പിന്നീട് വരുണ്‍ കത്രീനയോടൊപ്പം തന്നെ മറ്റൊരു പരിപാടിയില്‍ ഈ ക്ലബ്ബിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. താന്‍ അത്തരത്തില്‍ ഒരു ക്ലബ്ബുണ്ടാക്കിയതിന് പിന്നില്‍ കത്രീനയോടുള്ള ദേഷ്യമായിരുന്നില്ല കാരണം എന്നാണ് വരുണ്‍ പറയുന്നത്.
കത്രീന കാരണം സല്മാന് ഖാന് തന്നേയും അര്‍ജുനേയും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് താനും അര്‍ജുനും അങ്ങനൊരു നീക്കം നടത്തിയതെന്നു വരുണ്‍ പറയുന്നു.
എന്നാൽ പിന്നീട് 2018 ല്‍ ഇരുവരും തങ്ങള്‍ വീ ലവ് കത്രീന കൈഫ് ക്ലബ്ബ് ആരംഭിച്ചതായി അറിയിക്കുകയായിരുന്നു. കത്രീനയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ക്ലബ്ബിന്റെ പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി വരുണും അർജുനും കത്രീനയ്ക്ക് ഒരു നായ്ക്കുട്ടിയുടെ പാവ സമ്മാനിക്കുകയും ചെയ്തു.
-പിജി