കോട്ടയം: പാലാ സെന്റ്. തോമസ് കോളജ് കാന്പസിൽ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേകിനെ (20) കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ഇന്നലെ രാവിലെ പാലാ കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. തുടർന്ന് കോടതി ആവശ്യം അംഗീകരിച്ച് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കല്ലേപ്പള്ളി സ്റ്റോഴ്സിൽ അഭിഷേകിനെ എത്തിച്ചു. കട ഉടമ ബ്ലേഡ് മാറ്റി വാങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞു.
അതേ അളവിലുള്ള ബ്ലേഡ് കത്തിയിൽ ചേരുന്നതാണെന്ന് ഉറപ്പു വരുത്തി. കൂടാതെ കടയിലെ സിസിടിവിയിൽ നിന്നും അഭിലാഷ് കടയിൽ എത്തിയ ദിവസത്തെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
പാലാ സിഐ കെ.പി.ടോംസണിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൂത്താട്ടുകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരും.
ഭീഷണി സന്ദേശങ്ങൾ
തലയോലപ്പറന്പ് കുറുന്തറയിൽ നിതിനമോളെ (22) അഭിഷേക് കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് തന്നെയാണ് പോലീസ് നൽകുന്ന സൂചന.
കൊലപാതകത്തിന് ഉപയോഗിച്ചത് പുതുതായി വാങ്ങിയ ആറു രൂപയുടെ ബ്ലേഡാണെന്ന് പോലീസ് പറഞ്ഞു.
തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ചാണു പ്രതി നിതിനയെ ആക്രമിച്ചത്.
ഒരാഴ്ചയ്ക്ക് മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്ന് പുതിയ ബ്ലേഡ് വാങ്ങി കട്ടറിൽ മാറ്റിയിട്ടു.നിതിനയുടെയും അഭിഷേകിന്റെയും ഫോണുകൾ സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.
നിതിനയുടെ ഫോണ് അഭിഷേക് തട്ടിയെടുത്തെങ്കിലും അതിന്റെ പാസ്വേർഡ് അറിയാത്തതിനാൽ തുറക്കാൻ സാധിച്ചില്ലെന്നും മൊഴി നൽകിയിട്ടുണ്ട്.
നിതിനയുടെയും അമ്മ ബിന്ദുമോളുടെയും ഫോണുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പെട്ടെന്നുണ്ടായ വികാരം
പഞ്ചഗുസ്തി അഭ്യാസി അഭിഷേകിന് ആളുകളെ കീഴ്പ്പെടുത്തുന്ന രീതി നന്നായി അറിയാമെന്നും പോലീസ്.
കൊല നടത്തുന്നതിന് മുന്പുള്ള ദിവസങ്ങളിൽ അഭിഷേക് വെബ്സൈറ്റുകളിൽ നടത്തിയ തെരച്ചിലാണ് പോലീസ് ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നത്.
എളുപ്പത്തിൽ കൊലപ്പെടുത്താനാവുന്ന രീതികളെക്കുറിച്ചും, പ്രതികരണം ഉണ്ടാവാത്ത രീതികളെക്കുറിച്ചും അഭിഷേക് വിശദമായി പരിശോധന നടത്തിയതായാണ് പോലീസ് നൽകുന്ന സൂചന.
സൈറ്റുകളിൽ നിന്നും കഴുത്തിലെ ഞരന്പുകളിൽ ഉണ്ടാകുന്ന മുറിവ് മരണത്തിന് വേഗം വർധിപ്പിക്കും എന്ന അറിവാണ് കാന്പസിലെ കൊലയ്ക്ക് കാരണമായതെന്നും പോലീസ് സംശയിക്കുന്നു.
പഞ്ചഗുസ്തി അഭ്യാസി അഭിഷേകിന് ആളുകളെ കീഴ്പ്പെടുത്തുന്ന രീതി നന്നായി അറിയാമെന്നും പോലീസ് കരുതുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ…
പാലാ സെന്റ് തോമസ് കോളജ് കാന്പസിൽ വച്ച് ആക്രമിക്കുന്നതിനു തൊട്ടു മുൻപ് അഭിഷേക് കഴുത്തിൽ കുത്തിപ്പിടിച്ചതോടെ നിതിനയുടെ വോക്കൽ കോഡിന് തകരാർ സംഭവിച്ച് അർധ അബോധാവസ്ഥയിലേക്കു വീണിരിക്കാം.
ഇതാണു നിതിനയുടെ ഭാഗത്തുനിന്നു പ്രതിരോധമോ കരച്ചിലോ കാര്യമായി ഉണ്ടാകാതിരുന്നത്. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അഭിഷേക് മൊബൈലിന്റെ സഹായത്തോടെ വിശദമായ തെരച്ചിൽ നടത്തി.
ഇതാണ് ആദ്യം നൽകിയ മൊഴികൾക്ക് കാരണമായത്. സ്വന്തം കൈ മുറിച്ച് ഭയപ്പെടുത്തുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെന്ന് അഭിഷേക് പറഞ്ഞിരുന്നു.
പെട്ടെന്നുള്ള വികാരമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സംഭവത്തിനു ശേഷം നൽകിയ മൊഴിയിലുണ്ട്. ഇതും ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.
പെട്ടെന്നുള്ള വികാരത്തിൽ കൊല ചെയ്താലും നിയമത്തിന്റെ ആനുകൂല്യം ലഭിക്കാം. ജില്ലാ പോലീസ് ചീഫ് ഡി.ശിൽപ, അഡീഷനൽ എസ്പി സുരേഷ്കുമാർ, ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒമാരായ കെ.പി. ടോംസണ്, ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ എം.ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, ഷാജി കുര്യാക്കോസ്, എഎസ്ഐ എ.ടി ഷാജിമോൻ, സൈബർ സെൽ സിഐ എം.ജെ.അരുണ് എന്നിവരുടെ നേതൃത്വത്തിലാണ് വിശദമായ തെളിവെടുപ്പ് നടക്കുന്നത്.