ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കോമേഴ്സ്യൽ വിഭാഗത്തിന് നിലവിലുള്ളതിന് പുറമേ മറ്റ് ചുമതലകളും ഉത്തരവാദിത്വവും ഏർപ്പെടുത്തി സി എംഡി ബിജു പ്രഭാകരന്റെ ഉത്തരവ്.എസ്റ്റേറ്റ് ഓഫീസർ, സി ടി ഒ – ഇൻചാർജ്ജ് എന്നിവർക്കാണ് അധിക ചുമതലകൾ.
പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുകയും പരമാവധി തുക നേടുകയുമാണ് ലക്ഷ്യം. മാത്രമല്ല പൊതുഗതാഗത മേഖലയിൽ നിന്നും വ്യതിചലിച്ച് മറ്റ് മേഖലകളിലേക്ക് മാറുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഒറ്റ നോട്ടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ നല്കി അടുക്കും ചിട്ടയും ഉണ്ടാക്കാനുള്ള ശ്രമവും പുതിയ ഉത്തരവിന് പിന്നിലുണ്ട്.
ഭൂമി സംബന്ധമായ രേഖകൾ സൂക്ഷിക്കുകയും അവ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇനി എസ്റ്റേറ്റ് ഓഫീസറാണ്.ആദായനികുതി, കെട്ടിട നികുതി എന്നിവയും കൃത്യമായി അടയ്ക്കണം. വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവയും അടയ്ക്കേണ്ടത് എസ്റ്റേറ്റ് ഓഫീസറുടെ ചുമതലയാണ്.
കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കേണ്ടതും വാടക കൃത്യമായി പരിക്കുകയും വേണം.പുതിയ കരാറുകളിലും എഗ്രിമെന്റുകളിലും ഏർപ്പെടേണ്ടതും കാലാവധി കഴിഞ്ഞത് പുതുക്കേണ്ടതും, വേണ്ടിവന്നാൽ കാലാവധി കഴിഞ്ഞ കരാർ അവസാനിപ്പിക്കാനുമുള്ള മുഴുവൻ ചുമതലയും എസ്റ്റേറ്റ് ഓഫീസർക്കാണ്.
ടെൻഡറുകൾ തയാറാക്കേണ്ടതും ഓരേന്നിന്റെയും മൂല്യം നിശ്ചയിക്കേണ്ടതും ടെൻഡറുകളും കരാറുകളും കൊടുക്കേണ്ടതും നടപ്പാക്കേണ്ടതും സിടിഒ ഇൻചാർജിന്റെ ചുമതലയായിരിക്കും. മാർക്കറ്റ് വികസിപ്പിക്കേണ്ടതും പതിയ വരുമാന മേഖലകൾ കണ്ടെത്തേണ്ടതും പുതിയ ഉത്തരവാദിത്വത്തിൽപ്പെടും.പുതിയ ബിസിനസ് ആശയങ്ങൾ വികസിപ്പിച്ചെടുക്കണം.
അവയുടെ സാധ്യതാ പഠനം നടത്തി റിപ്പോർട്ട് തയാറാക്കണം ലോജിസ്റ്റിക്സിന്റെയും കൊറിയർ സർവീസിന്റെയും ചുമതലയും വഹിക്കണം.