കോട്ടയം: ജില്ലയുടെ പ്രധാന ജലസ്രോതസും അന്‍പതിലധികം കുടിവെള്ള പദ്ധതികളുമുള്ള മീനച്ചിലാറ്റിലെ ജലത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം കണ്ടെത്തി.
പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഒരു തരത്തിലും ശുദ്ധീകരണം നടത്താൻ സാധ്യമല്ലെന്നും കണ്ടെത്തി.
കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ, ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്കു പുറമേ, തീവ്ര അമ്ല സാന്നിധ്യവും ആണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
കോവിഡ് വ്യാപനത്തിനു മുന്‍പും, ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതൽ അവസാനം കായലിൽ പതിക്കുന്ന പഴുക്കാനില കായലിനോടു ചേർന്നുള്ള സ്ഥലമായ ഇല്ലിക്കൽ വരെയുള്ള ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ്.
അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാന്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അതായത് മനുഷ്യ വിസർജ്യം പുഴയിൽ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണ്.
ഏഴു സാന്പിളുകളിൽ രണ്ടായിരത്തിനു മുകളിലാണ് എഫ്സി കൗണ്ട്. ആറുമാനൂർ, നാഗന്പടം, പുന്നത്തുറ, തിരുവഞ്ചൂർ, ഇറഞ്ഞാൽ, ഇല്ലിക്കൽ, കിടങ്ങൂർ എന്നിവിടങ്ങളിലാണ് ഫീക്കൽ കോളിഫാം ബാക്്ടീരിയയുടെ അളവ് കൂടുതലുള്ളത്.
ലോകാരോഗ്യ സംഘടനയുടെ ജല മാർഗരേഖ പ്രകാരം കുടിവെള്ളത്തിൽ ഫീക്കൽ കോളിഫോം സാന്നിധ്യം ഉണ്ടാകരുതെന്നാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ 50 കുടിവെള്ള പദ്ധതികൾക്ക് അടക്കം ജലം ശേഖരിക്കുന്ന മീനച്ചിലാർ അതീവ മലിനമാണെന്നു ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കോളിഫോം ബാക്ടീരിയായുടെ അളവിനു പുറമേ ജലത്തിൽ പിഎച്ച് ലെവൽ ഉയർന്നതായും കണ്ടെത്തലുണ്ട്. മീനച്ചിലാർ പരിസരത്ത് വ്യവസായ കേന്ദ്രങ്ങൾ കുറവായതിനാൽ, ജനവാസ കേന്ദ്രങ്ങളിൽനിന്നാണു മാലിന്യങ്ങൾ എത്തുന്നതെന്നും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്്ടർ ഡോ. പുന്നൻ കുര്യൻ പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് നടത്തിയ പഠനത്തിൽ മലിനീകരണത്തിന്റെ തോത് വൻ തോതിൽ കുറഞ്ഞിരുന്നു. കോവിഡ് കാലത്ത് പാഴ്സൽ സാധനങ്ങളുടെ വ്യാപനം കൂടിയതോടെ നിരോധിത ഡിസ്പോസിബിൾ വസ്തുക്കൾ വൻതോതിൽ മീനച്ചിലാറ്റിലേക്ക് തള്ളുന്നതു കൂടിയിട്ടുണ്ട്.
ഹോട്ടലുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സ്പെറ്റിക് വേസ്റ്റേജും വൻ തോതിൽ ആറ്റിലേക്കാണ് നിക്ഷേപിക്കുന്നത്.
കോളിഫോം സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാൽ മഞ്ഞപ്പിത്തം മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങൾ പകരുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മലീനീകരണം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമായിരിക്കുമുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.