വാഷിംഗ്ടൺ: ഫേസ്ബുക്ക് കുട്ടികൾക്ക് ദോഷകരവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻ. യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും അവർ പറഞ്ഞു. ചൊവ്വാഴ്ച യുഎസ് കോൺഗ്രസ് മുൻപാകെ മൊഴിനൽകുകയായിരുന്നു അവർ.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എങ്ങനെ സുരക്ഷിതമാക്കാമെന്ന് കമ്പനിക്ക് അറിയാം, എന്നാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നില്ല. കാരണം അവർക്ക് ലാഭത്തിൽ മാത്രമാണ് കണ്ണ്. കുട്ടികളെ ദോഷകരമായി ബാധിക്കുക, ഭിന്നിപ്പിക്കുക, ജനാധിപത്യത്തെ ദുർബലപ്പെടുത്തുക തുടങ്ങിയവയാണ് ഫേസ്ബുക്ക് ചെയ്തുപോരുന്നതെന്നും ഹോഗൻ പറയുന്നു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഇന്റർനെറ്റിൽനിന്ന് അപ്രത്യക്ഷമാകുന്നത് നാം കണ്ടു. എന്തുകൊണ്ടാണ് ഇത് തകരാറിലായതെന്ന് അറിയില്ല. എന്നാൽ അഞ്ച് മണിക്കൂറിലധികം ഭിന്നിപ്പിക്കുന്നതിനും
ഫേസ്ബുക്ക് വിഭജനം ആഴത്തിലാക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും ചെറുപ്പക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ശരീരത്തെക്കുറിച്ച് മോശമായ തോന്നൽ ഉണ്ടാക്കുന്നതിനും ഫേസ്ബുക്കിന് സാധിച്ചില്ലെന്ന് അറിയാം. ഇപ്പോൾ പ്രവർത്തിക്കേണ്ട സമയമാണെന്നും അവർ സെനറ്റർമാരോട് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് സേവനങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് കമ്പനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിക്കൊണ്ട് ഹോഗൻ പ്രത്യക്ഷപ്പെട്ടിരുന്നു. സിബിഎസ് ചാനലിലെ “60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിലാണ് ഗുരുതര ആരോപണങ്ങളുമായി ഹോഗൻ എത്തിയത്.
വെറുപ്പും നുണയും അക്രമങ്ങളും ഫേസ്ബുക് പ്രോൽസാഹിപ്പിക്കുന്നു, ഇവയിലൂടെ കമ്പനി വരുമാനമുണ്ടാക്കുന്നു. സമൂഹത്തിന്റെ നന്മയും സുരക്ഷയും അപകടത്തിലാക്കി കമ്പനി ലാഭം കൊയ്യുന്നു.
ലോകനന്മയോ സ്വന്തം നന്മയോ തെരഞ്ഞെടുക്കേണ്ടി വന്നപ്പോഴൊക്കെ ഫേസ്ബുക് സ്വന്തം നന്മ തെരഞ്ഞെടുത്തു. കമ്പനിയുടെ ലാഭക്കൊതി ലോകത്ത് കലാപങ്ങൾക്കും വംശഹത്യകൾക്കും വഴിവച്ചുകൊണ്ടിരിക്കുന്നു- തുടങ്ങിയവയായിരുന്നു ഹോഗന്റെ ആരോപണങ്ങൾ.
ഫേസ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തുനിന്നുള്ള ആഭ്യന്തര രേഖകളുടെ പിൻബലത്തോടെയായിരുന്നു വെളിപ്പെടുത്തലുകൾ.
അക്രമത്തിനും, വെറുപ്പിനും, വ്യാജപ്രചാരണങ്ങൾക്കുമെതിരെ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ഫേസ്ബുക്കിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു രേഖകൾ യുഎസ് നിയമവകുപ്പിനും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിനും അവർ കൈമാറി.
എന്നാൽ തനിക്ക് അറിവില്ലാത്ത മേഖലകളെക്കുറിച്ചാണ് ഹോഗൻ സംസാരിക്കുന്നതെന്ന് ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.