കോഫെപോസ കരുതല്‍ തടവ് കാലാവധി കഴിയുന്നതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യത്തിനുള്ള വഴി തെളിയുന്നു.
ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്‍ഷ കരുതല്‍ തടവ് അവസാനിക്കുന്നത്.
എന്‍.ഐ.എ. കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകുന്ന സ്വപ്നയ്ക്കു ജയില്‍ മോചിതയാകാം. സരിത്തിന്റെ കോഫെപോസ തടങ്കല്‍ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും.
എന്നാല്‍ പ്രതികളുടെ കോഫെപോസെ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് കസ്റ്റംസ്. കോഫെപോസ ചുമത്തിയതിനെതിരേ സ്വപ്നയും സരിത്തും നല്കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി ഈയാഴ്ച വിധി പറയാനിരിക്കുകയാണ്.
കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
കോഫെപോസ കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്ന കാര്യത്തില്‍ പോലും ഇതുവരെ തീരുമാനമായിട്ടില്ല. കോഫെപോസ കേസ് പരിഗണിച്ചപ്പോള്‍ അസാധരണ നടപടിയും ഇത്തവണ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി.
കോഫെപോസയുടെ ചുമതലയുള്ള കേന്ദ്ര ഗവ.സെക്രട്ടറിയില്‍ നിന്നു കഴിഞ്ഞാഴ്ച എല്ലാഫയലുകളും വിളിച്ചുവരുത്തി പരിശോധിച്ചു. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം മതിയാകുന്നതല്ലെന്ന വാദം പരിഗണിച്ചാണിത്.
എന്‍.ഐ.എ. കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ വാദം പൂര്‍ത്തിയായി. 22 നാണു കേസ് വീണ്ടും പരിഗണിക്കുന്നത്.
എന്‍.ഐ.എ. കേസില്‍ ജാമ്യം കിട്ടാതെ മൂവര്‍ക്കും പുറത്തിറങ്ങാനാകില്ല. മറ്റു പ്രതികളായ മുഹമ്മദ് ഷാഫി, ബിലാല്‍, കെ.ടി. റമീസ് എന്നിവരുടെ അപ്പീല്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
റമീസിന്റെ സഹോദരന് കഴിഞ്ഞാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതു വൈകരുതെന്ന് ആവശ്യപ്പെട്ടു സ്വപ്നാ സുരേഷ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്നാണു കഴിഞ്ഞാഴ്ച കേസില്‍ അന്തിമവാദം നടന്നത്. സ്വപ്നയുടെ ജാമ്യാപേക്ഷ പലവട്ടം മാറ്റിവച്ചിരുന്നു.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസും ഇ.ഡിയും പ്രതികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വപ്നയ്ക്കു സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ എന്‍ഐഎ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സ്വപ്നയ്ക്കു പുറത്തിറങ്ങാമെന്ന സ്ഥിതിയാണുള്ളത്.